കോഴിക്കോട്: താമരശേരിയിൽ കാറിലെത്തിയ സംഘം സ്കൂട്ടർ യാത്രക്കാരനെ തട്ടിക്കൊണ്ട് പോയി.
താമരശേരി അവേലം സ്വദേശി അഷ്റഫിനെയാണ് തട്ടിക്കൊണ്ട് പോയത്. താമരശേരി -മുക്കം റോഡിൽ വെഴുപ്പൂർ സ്കൂളിന് സമീപമാണ് സംഭവം.
ടാറ്റാ സുമോയിലും, മറ്റൊരു കാറിലുമായി എത്തിയ സംഘമാണ് സ്കൂട്ടർ തടഞ്ഞു നിർത്തി അഷ്റഫിനെ കാറിലേക്ക് കയറ്റിയതെന്നാണ് സൂചന. റോഡിൽ ഉപേക്ഷിച്ച സ്കൂട്ടർ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തിന് പിന്നിൽ കൊടിയത്തൂർ കേന്ദ്രീകരിച്ചുള്ള സംഘമാണെന്നാണ് നിഗമനം. താമരശേരി പോലീസ് അന്വേഷണം തുടങ്ങി.
ഗൾഫിൽ വ്യാപാരിയാണ് അഷ്റഫ്. സാമ്പത്തിക ഇടപാടുകളുടെ പേരിലാണ് തട്ടിക്കൊണ്ടുപോകലെന്ന് പോലീസ് സംശയിക്കുന്നു.