കിടങ്ങൂർ: സിനിമ സ്റ്റെലിൽ സ്കൂട്ടർ തടഞ്ഞു നിർത്തി റിട്ടയേർഡ് അധ്യാപകന്റെ 2,45,000 രൂപ തട്ടിയെടുത്ത പ്രതികളെ കിടങ്ങൂർ പോലീസ് പിടികൂടാൻ സഹായകരമായത് സിസിടിവി ദൃശ്യങ്ങൾ.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചു സൂചന ലഭിച്ചത്.തുടർന്നു പ്രതികളുടെ ചിത്രം ജോസഫിനെ കാണിക്കുകയും പ്രതികളെ തിരിച്ചറിയും ചെയ്യുകയായിരുന്നു.
പാദുവാ പ്രദേശവാസികളായ ശ്രീജിത്ത് ബെന്നി, സ്വരജിത്ത് എന്നിവരെയാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ കൂടി പിടിയിലാകാനുണ്ട്.
കഴിഞ്ഞ ചൊവാഴ്ച ഉച്ചകഴിഞ്ഞ് 2.30നു പാദുവ ശൗര്യാംകുഴിയിൽ ജോസഫി(72)ന്റെ പണമാണു കിടങ്ങൂർ – പാദുവ റോഡിൽ കിടങ്ങൂർ എൻജിനിയറിംഗ് കോളജിനുസമീപം ചൂരക്കാട്ട് പടിയിൽവച്ചു ഇവർ തട്ടിയെടുത്തത്.
ഭാര്യയുടെ ചികിത്സയ്ക്കായി കിടങ്ങൂർ എസ്ബിഐ, കിടങ്ങൂർ സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിൽനിന്നുമെടുത്ത പണം ബാഗിലാക്കി സ്കൂട്ടറിന്റെ സീറ്റിനടിയിലാണ് സൂക്ഷിച്ചിരുന്നത്.
ജോസഫ് സ്കൂട്ടറിൽ സഞ്ചരിക്കുന്പോൾ യുവാക്കൾ വഴി ചോദിക്കാനെന്ന പേരിൽ വാഹനം തടഞ്ഞു.
വാഹനം നിർത്തിയ ഉടനെ അധ്യാപകനെ ഭീഷണിപ്പെടുത്തി താക്കോൽ തട്ടിയെടുത്ത് സീറ്റിന്റെ ലോക്ക് തുറന്നു.
തുടർന്ന് അധ്യാപകനെ തള്ളി താഴെ ഇട്ടശേഷം ബാഗുമായി ഇരുവരും സമീപത്തെ റബർ തോട്ടത്തിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു.
ജോസഫ് പണവുമായി പോകുന്നതു കണ്ട പ്രതികളെ മറ്റൊരാൾ സ്കൂട്ടറിൽ ആളൊഴിഞ്ഞ ചൂരക്കാട്ടുപടയിൽ എത്തിക്കുകയായിരുന്നു. ഇവരെ എത്തിച്ചയാളാണു പോലീസിന്റെ പിടിയിലാകാനുള്ളത്.
പ്രതികളുടെ പേരിൽ കിടങ്ങൂർ, അയർക്കുന്നം സ്റ്റേഷനുകളിൽ കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.
പാലാ ഡിവൈഎസ്പി ഷാജു ജോസിന്റെ നിർദേശാനുസരണം കിടങ്ങൂർ എസ്എച്ച്ഒ കെ.ആർ. ബിജു, എസ്ഐമാരായ കുര്യൻ മാത്യു, റജി പി. ജോസഫ്, എഎസ്ഐമാരായ മഹേഷ് കൃഷ്ണൻ, ബിജു ചെറിയാൻ, സിപിഒമാരായ സുനിൽകുമാർ, അരുണ് കുമാർ, കെ.കെ. സന്തോഷ്, ഗ്രിഗോറിയസ് ജോസഫ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.