കെ.ഷിന്റുലാല്‍
കോഴിക്കോട് : വടക്കന്‍മലബാറിലെ സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള കിഡ്നാപ്പിംഗ് സംഘത്തലവന് ഇന്റര്‍പോളിന്റെ കണ്ണ്വെട്ടിച്ച് നാട്ടിലെത്തിയതായി സൂചന.
കാസര്‍ഗോഡ് കയ്യാര്‍ സ്വദേശി മുഹമ്മദ് റഫീഖ് എന്ന നപ്പട്ട റഫീഖാണ് നാട്ടിലെത്തിയതായി അന്വേഷണസംഘം സംശയിക്കുന്നത്.
റഫീഖുമായി ബന്ധപ്പെട്ടവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംശയാസ്പദമായ ഇടപെടലുകള്‍ പ്രത്യേക അന്വേഷണസംഘം തിരിച്ചറിഞ്ഞത്.
പോലീസ് സംശയിക്കുന്നവരുടെ കോള്‍ ഡീറ്റൈയില്‍സ് റിക്കാര്‍ഡ് (സിഡിആര്‍) പരിശോധിച്ചപ്പോഴും ഇത് സാധൂകരിക്കുന്ന ചില വിവരങ്ങള്‍ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ത്തിന് ലഭിച്ചു.
ഇന്റര്‍പോള്‍ തിരയുന്ന കുപ്രസിദ്ധ പ്രതികളുടെ പട്ടികയായ റെഡ്കോര്ണറില് ഉള്‍പ്പെട്ടയാളാണ് മുഹമ്മദ് റഫീഖ്. അതിനാല്‍ ഇന്ത്യയിലെ ഏത് വിമാനതാവളത്തില്‍ ഇറങ്ങിയാലും റഫീഖിനെ പിടികൂടാനാവും.
എന്നിട്ടും റഫീഖ് നാട്ടിലെത്തിയിട്ടുണ്ടെങ്കില് വ്യാജപാസ്പോര്‍ട്ട് ഉപയോഗിച്ചായിരിക്കുമെന്നാണ് പോലീസ് സംശയിക്കുന്നത്.
2018 ല്‍ സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് കോഴിക്കോട് സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റഫീഖ് പ്രതിയാണ്. ഈ കേസിന്റെ അന്വേഷണത്തിനിടെയാണ് റഫീഖിനെ കുറിച്ച് സംശയങ്ങളുയര്‍ന്നത്.
2018 ലാണ് റഫീഖ് വിദേശത്തേക്ക് കടന്നത്. പിന്നീട് നാട്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്നാണ് രേഖകളിലുള്ളത്.
എന്നാല്‍ റഫീഖിന്റെ മേല്‍നോട്ടത്തില്‍ ചില സംഘങ്ങള്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.
കൊയിലാണ്ടിയില്‍ അടുത്തിടെ നടന്ന രണ്ട് കിഡ്നാപ്പിംഗ് കേസുകളിലും കാസര്‍ഗോഡ് സംഘത്തിന് ബന്ധമുണ്ടോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
സ്വര്‍ണക്കടത്ത് സംഘങ്ങളും ക്വട്ടേഷന്‍ സംഘങ്ങളുമെല്ലാം വാട്സ്ആപ്പ് കോളുകള്‍ വഴിയാണ് ഓപ്പറേഷന് നടത്തുന്നത്. റഫീഖും സമാനമായ രീതി സ്വീകരിച്ചിട്ടുണ്ടോയെന്ന സംശയത്തിലാണ് അന്വേഷണസംഘം.
കാസര്‍ഗോഡ് എംബസിയുടെ വ്യാജ പാസ്പോര്‍ട്ട്
ഇന്റര്‍പോളിന്റെ റെഡ്കോര്‍ണര്‍ നോട്ടീസില്‍ ഉള്‍പ്പെട്ടതിനാല്‍ ഇന്ത്യയിലെ ഏത് വിമാനതാവളത്തില്‍ റഫീഖ് ഇറങ്ങിയാലും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയാനാവും.
യഥാര്‍ത്ഥ പാസ്പോര്‍ട്ട് പരിശോധിച്ചാല്‍ റഫീഖിന്റെ കേസ് വിവരങ്ങള്‍ വ്യക്തമാവും. ഈ സാഹചര്യത്തില്‍ പാസ്പോര്‍ട്ട് ഉപയോഗിച്ചുള്ള യാത്ര സാധ്യമല്ല.
എന്നാല്‍ കാസര്‍ഗോഡ് എംബസി എന്ന പേരില്‍ വ്യാജപാസ്പോര്‍ട്ടുകള്‍ നിര്‍മിക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.
ഇത്തരത്തില്‍ വ്യാജപാസ്പോര്‍ട്ട് ഉപയോഗിച്ച് റഫീഖ് എത്താനുള്ള സാധ്യതയേറെയാണെന്ന് അന്വേഷണസംഘം സംശയിക്കുന്നു.
കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് 100 ലേറെ വ്യാജ പാസ്പോര്ട്ടുകള് പിടികൂടിയിരുന്നു. ഹോസ്ദുര്‍ഗ് പോലീസായിരുന്നു ഈ കേസുകള്‍ അന്വേഷിച്ചിരുന്നത്.
പിന്നീട് 45 കേസുകള്‍ തുടര്‍ അന്വേഷണത്തിനായി വയനാട് ക്രൈംബ്രാഞ്ചിന് കൈമാറി. ഇതില്‍ 11 പേരുടെ ലുക്കൗട്ട് നോട്ടീസും പുറത്തുവിട്ടിട്ടുണ്ട്.
വ്യാജ വിലാസത്തില്‍ കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസ് വഴി നേരിട്ടും ഏജന്‍സികള്‍ വഴിയുമാണ് പാസ്പോര്‍ട്ട് സ്വന്തമാക്കുന്നത്.
ഇത്തരത്തില്‍ റഫീഖും പാസ്പോര്ട്ടുകള് സ്വന്തമാക്കാനുള്ള സാധ്യതകളാണ് പോലീസ് പരിശോധിക്കുന്നത്.
ക്രൈംബ്രാഞ്ച് അന്വേഷണം
ഇന്റർപോളിന്റെ റെഡ്കോര്‍ണര്‍ പട്ടികയിലുള്‍പ്പെട്ട പ്രതി വിദേശത്തുനിന്ന് നാട്ടിലെത്തിയതായി സംശയമുയര്‍ന്നതിനെ തുടര്‍ന്ന് ലോക്കല്‍ പോലീസിന്റെ എസ്ഐടി വിവരങ്ങള്‍ ക്രൈംബ്രാഞ്ചിനും കൈമാറിയിട്ടുണ്ട്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കിഡ്നാപ്പിംഗും മറ്റും അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്പി കെ.വി.സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് വിവരങ്ങള്‍ കൈമാറിയത്.
റഫീഖിന്റെ പങ്കിനെ കുറിച്ച് ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം റഫീഖിനെതിരേ കേസുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും കാസര്‍ഗോഡ് പോലീസ് കാര്യക്ഷമമായി രീതിയിലുള്ള അന്വേഷണം നടത്തുന്നില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
നാട്ടിലുള്ളപ്പോഴും വിദേശകോള്
റഫീഖ് നാട്ടിലുള്ളപ്പോഴും വിദേശത്ത് നിന്നാണെന്ന വ്യാജേന ഫോണ്‍ കോള്‍ ചെയ്തിരുന്നതായി കണ്ടെത്തല്‍.
കോഴിക്കോട് കുന്നമംഗലം സ്വദേശിയെ തട്ടികൊണ്ടുപോയതുമായി ബന്ധപ്പെട്ട അന്വേഷണസംഘമാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്. യുവാവിനെ തട്ടികൊണ്ടുപോയ ശേഷം റഫീഖ് ഭീഷണിപ്പെടുത്തി ഫോണ്‍ ചെയ്തിരുന്നു.
വിദേശ നമ്പറിലായിരുന്നു ഫോണ്‍ കോള്‍ . എന്നാല്‍ ഈ സമയം റഫീഖ് നാട്ടില്‍ തന്നെയായിരുന്നുള്ളത്. സമാന്തര ടെലിഫോണ്‍ പോലുള്ള സംവിധാനം ഉപയോഗിച്ചായിരിക്കും റഫീഖ് ഫോണ്‍ ചെയ്തതെ്നാണ് സംശയിക്കുന്നത്.
കൊലപാതകം, ഗൂഢാലോചന…
കാസര്‍ഗോഡ് ജില്ലയില്‍ മാത്രം കൊലപാതക കേസുള്‍പ്പെടെ എട്ട് കേസുകളില്‍ റഫീഖ് പ്രതിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇതേതുടര്‍ന്നാണ് ഇന്റര്‍പോള്‍ തിരയുന്ന പ്രതികളില്‍ ഒരാളായി റഫീഖ് മാറിയത്. കൊലപാതകം, മറ്റു ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഗൂഢാലോചന എന്നിവയാണ് റെഡ്കോര്‍ണര്‍ പട്ടികയില്‍ റഫീഖിനെതിരേ ഇന്റര്‍പോള്‍ പരാമര്‍ശിച്ചത്.
സ്വര്ണകവര്ച്ചാസംഘങ്ങള് തമ്മിലും മലബാറിലെ ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലും റഫീഖിന് അടുത്ത ബന്ധമാണുള്ളതെന്നാണ് കുന്നമംഗലം കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ച വിവരം.
റഫീഖിന് പുറമേ കാസര്‍ഗോഡ് സ്വദേശി സിയ, കൊടുവള്ളി സ്വദേശികളായ ഷെഫീഖ്, സമീര്‍ , എന്നിവരേയും ഈ കേസില്‍ പോലീസ് തിരിയുന്നുണ്ട്. ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസും പുറത്തിറക്കും.
ക്വട്ടേഷന്‍ മറു ക്വട്ടേഷന്‍
വിദേശത്ത് നിന്ന് കള്ളക്കടത്ത് സ്വര്‍ണവുമായെത്തിയ കാരിയര്‍ മുങ്ങിയതിനു പിന്നാലെ അത് തിരിച്ചുപിടിക്കാന്‍ നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതിയായ കാക്കരഞ്ജിത്തിനായിരുന്നു കൊടുവള്ളി സംഘം ക്വട്ടേഷന്‍ നല്‍കിയത്.
കാരിയറെ പിടികൂടിയാല്‍ ചോദ്യം ചെയ്യുന്നതിനായി കാക്കരഞ്ജിത്ത് റഫീഖിന്റെ സഹായം തേടിയതാണെന്ന സംശയത്തിലാണ് പോലീസ്.
സ്വര്‍ണവുമായി രക്ഷപ്പെട്ട കാരിയറേയും സഹായം ചെയ്തുകൊടുത്ത സംഘത്തേയും കാക്കരഞ്ജിത്ത് പിടികൂടുകയും റഫീഖിന്റെ നേതൃത്വത്തില്‍ ദിവസങ്ങളോളം കാസര്‍ഗോഡ് ഉപ്പളയ്ക്ക് സമീപത്തുള്ള വീട്ടില്‍ വച്ച് മര്‍ദിക്കുകയുമായിരുന്നു.
സമാനമായ കേസ് കരുവാരകുണ്ട് പോലീസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനു പിന്നിലും കാസര്‍ഗോഡ് സംഘത്തിന് ബന്ധമുണ്ട്.
സാധാരണ യുവാവിനെ കാണ്മാനില്ലെന്ന പരാതിയില്‍ തുടങ്ങിയ അന്വേഷണമാണ് ക്വട്ടേഷന്‍ സംഘങ്ങളിലേക്കും സ്വര്‍ണകവര്‍ച്ചാ കേസിലേക്കുമെത്തിയത്.
ക്വട്ടേഷന്‍ സംഘം തട്ടികൊണ്ടുപോയ യുവാവ് സ്റ്റേഷനിലെത്തി കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ക്വട്ടേഷന്‍ സംഘങ്ങളുടെ ഭീഷണിയെ തുടര്‍ന്നായിരുന്നു ഇത്.
എന്നാല്‍ ഉത്തരമേഖലാ ഐജി കേസില്‍ ഇടപെടുകയും തുടരന്വേഷണത്തിനായി പ്രത്യേകസംഘം രൂപീകരിക്കുകയുമായിരുന്നു.
കോഴിക്കോട് സിറ്റി ട്രാഫിക് സൗത്ത് അസി.കമ്മീഷണര്‍ കെ.സി.ബാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മനോജ് ബാബു, സന്തോഷ്, ഷിജിന്, അജിത്ത്, ബിനു, ഫിറോസ് എന്നിവരാണ് സംഘത്തിലുള്ളത്.