കോഴിക്കോട് : മയക്കുമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ യുവാവിനെ തട്ടികൊണ്ടുപോയ കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് കാക്കരഞ്ജിത്തിന്റെ സഹായികളെ പോലീസ് തിരയുന്നു. കേസിലുള്‍പ്പെട്ട ആറു പ്രതികളെ കുറിച്ചാണ് കോഴിക്കോട് ട്രാഫിക് അസി.കമ്മീഷണര്‍ ബിജുരാജ് അന്വേഷിക്കുന്നത്.
സംഭവത്തില്‍ കഴിഞ്ഞ ദിവസം വിതുര പോലീസ് അറസ്റ്റ് ചെയ്ത കാക്കരഞ്ജിനെയും സംഘത്തിലുള്ള രണ്ടു പേരെയും പോലീസ് കോഴിക്കോടെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
കുന്നമംഗലം കോടതിയുടെ ചുമതലയുള്ള ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസേ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
പെരിങ്ങളം സ്വദേശിയായ യുവാവിനെയാണ് 2018 ല്‍ കാക്കരഞ്ജിത്തും സംഘം തട്ടികൊണ്ടുപോയത്. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ടിങ്കുവിനെ കാണാതായതെന്ന സംശയത്തിലായിരുന്നു പോലീസ്.
വിദേശത്തു നിന്നും കൊണ്ടുവന്ന സ്വര്‍ണം കാരിയറും യുവാവും യഥാര്‍ത്ഥ ഉടമസ്ഥന് നല്‍കാതെ മുക്കുകയായിരുന്നു.
കാരിയര്‍ കാസര്‍ഗോഡുള്ള ഉടമസ്ഥനെ കണ്ട് സ്വര്‍ണം മറ്റൊരു സംഘം തട്ടിയെടുത്തുവെന്നും തന്റെ കൈയിലില്ലെന്നും വ്യക്തമാക്കി. എന്നാല്‍ കാരിയര്‍ പറഞ്ഞ കഥ വിശ്വസിക്കാന്‍ ഉടമസ്ഥര്‍ തയാറായില്ല.
തുടര്‍ന്ന് കാരിയറെ ഇവര്‍ മര്‍ദിക്കുകയും സത്യം പുറത്താവുകയുമായിരുന്നു. യുവാവിന്റെ കൈവശം സ്വര്‍ണമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ തട്ടികൊണ്ടുപോയത്.
കുന്നമംഗലം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് കൂടുതല്‍ അന്വേഷണത്തിനായി അസി.കമ്മീഷണര്‍ ബിജുരാജിന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് കാക്കരഞ്ജിത്തിനെ കുറിച്ചുള്ള വിവരം ലഭിച്ചത്.
അതേസമയംകോഴിക്കോട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത 20 ലേറെ കേസുകളിലെ പ്രതിയായ യുവാവിനെയാണ് തട്ടികൊണ്ടുപോയിരുന്നത്. കാപ്പനിയമപ്രകാരം ശിക്ഷയനുഭവിച്ചിട്ടുണ്ട്.