കടുത്തുരുത്തി: പാലുവാങ്ങാൻ പോയ കുട്ടികളെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷൻ – എസ്വിഡി റോഡിലാണ് സംഭവം.
കടുത്തുരുത്തി കലങ്ങോട്ടിൽ മണിക്കുട്ടന്റെ ഒന്‍പതും, പന്ത്രണ്ടും വയസുള്ള കുട്ടികളെയാണ് തട്ടിക്കൊട്ടുപോകാൻ ശ്രമിച്ചത്.
കുട്ടികളുടെ ബഹളം കേട്ടു പാലു നൽകുന്ന നെയ്യത്തുംപറന്പിൽ സെബാസ്റ്റ്യൻ വീടിനു പുറത്തിറങ്ങി വന്നപ്പോഴേക്കും കാറിലെത്തിയവർ രക്ഷപ്പെട്ടു. തുടർന്ന് കടുത്തുരുത്തി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
എന്നാൽ വെള്ളിയാഴ്ച രാവിലെ സ്റ്റേഷനിൽ എത്തി പരാതി നൽകാനാണ് പോലീസ് പറഞ്ഞതെന്ന് കുട്ടികളുടെ ബന്ധുക്കളും നാട്ടുകാരും പറയുന്നു.
കടുത്തുരുത്തി എസ്എൻഡിപി യൂണിയൻ ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബാങ്കിന്റെ സിസിടിവി കാമറ നാട്ടുകാർ പരിശോധിച്ചു.
സിൽവർ കളറിലുള്ള ഫോർഡ് കാറിൽ എത്തിയവരാണ് കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.
യുവാവ് ഓടിച്ചിരുന്ന കാറിലുണ്ടായിരുന്ന പ്രായമുള്ള ആളാണ് തങ്ങളെ കാറിൽ പിടിച്ചു കയറ്റാൻ ശ്രമിച്ചതെന്ന് രക്ഷപ്പെട്ട കുട്ടികൾ പറഞ്ഞു.
സംഭവശേഷം മീനാക്ഷി കവലയിലെ കടയിൽ എത്തി എസ്വിഡി ജംഗ്ഷന് സമീപമുള്ള ഒരാളുടെ അഡ്രസ് കാറിൽ എത്തിയവർ തിരക്കിയതായിട്ടുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.
എന്നാൽ സംഭവത്തെക്കുറിച്ച് സ്ഥിരീകരണം നടത്താൻ പോലീസ് തയാറായിട്ടില്ല.