“കിഡ്നാപ്പിംഗ്’ അഥവാ ‘തട്ടിക്കൊണ്ടുപോകൽ’ നമ്മൾ വാർത്തയിലും സിനിമയിലും കാണാറുണ്ട്. എന്നാൽ ‘വിർച്വൽ കിഡ്നാപ്പിംഗ്’ എന്ന് കേട്ടിട്ടുണ്ടോ? തട്ടിക്കൊണ്ടു പോകപ്പെട്ട ആൾക്ക് താൻ തട്ടിക്കൊണ്ടു പോകപ്പെട്ടിരിക്കുകയാണ് എന്ന് മനസിലാവുക പോലുമില്ല.
ബന്ധുക്കളിൽ നിന്ന് ഗൂഢസംഘത്തിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കപ്പെട്ട ശേഷം മാത്രമേ പലപ്പോഴും അവർക്ക് ഇങ്ങനെ ഒരു ഇടപാട് നടന്ന കാര്യം പോലും അറിയാനാകൂ.
ഓസ്ട്രേലിയായിലെ ന്യൂ സൗത്ത് വെയിൽസ് സ്റ്റേറ്റിൽ മാത്രം ഈ വർഷം ഇതുവരെ എട്ടു കേസുകളിലായി ആകെ ഏകദേശം 17 കോടിയുടെ വിർച്വൽ കിഡ്നാപ്പിംഗ് തട്ടിപ്പ് നടന്നിട്ടുണ്ട്.
അവിടെ താമസിച്ച് പഠിക്കുന്ന ചൈനീസ് വിദ്യാർത്ഥികളെ തെരഞ്ഞു പിടിച്ചാണ് ഈ തട്ടിപ്പ് നടത്തപ്പെടുന്നത്.
എംബസിയിൽനിന്ന് വിളി
21 വയസുള്ള ഒരു ചൈനീസ് പെൺകുട്ടിയെയും ബന്ധുക്കളെയും പറ്റിച്ചത് ഇങ്ങനെ: മാൻഡറിനിൽ വിളിച്ച ഒരാൾ അവൾക്ക് കൊറിയർ വന്നിട്ടുണ്ടെന്ന് പറഞ്ഞു. ഡെലിവെറിക്കുവേണ്ടി അവരുടെ പേര്, മേൽവിലാസം, ഫോൺ നമ്പർ എന്നിവ ചോദിച്ചറിഞ്ഞു.
വൈകാതെ മറ്റൊരാൾ വിളിച്ചു. ആ ആൾ പറഞ്ഞത് താൻ രാജ്യത്തെ ചൈനീസ് നയതന്ത്ര പ്രതിനിധി ആണെന്നും, പെൺകുട്ടിക്ക് വന്ന പാഴ്സലിൽ കൈവശം വയ്ക്കുന്നത് ഓസ്ട്രേലിയൻ നിയമപ്രകാരം കുറ്റകരമാണെന്നുമാണ്.
പ്രശ്നത്തിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങൾ, ഈ ഹോട്ടലിൽ ചെന്ന് മുറിയെടുക്കു. അവിടെ വച്ച് നിങ്ങളുടെ കാലും കണ്ണും കെട്ടി, കൈകൂപ്പി, കരഞ്ഞുകൊണ്ട് ഒരു വീഡിയോ സന്ദേശം റെക്കോർഡ് ചെയ്തയയ്ക്കുക.
ആ വീഡിയോ സന്ദേശം അയച്ച ശേഷം നാലുദിവസം ഫോൺ ഓഫ് ചെയ്തു വെക്കണം. ഹോട്ടലിനു പുറത്തിറങ്ങരുത്. ആരോടെങ്കിലും എന്തെങ്കിലും വെളിപ്പെടുത്തിയാൽ പിന്നെ കാര്യങ്ങൾ പിടിച്ചേടത്ത് നിന്നെന്നു വരില്ല. ആകെ പരിഭ്രമിച്ചു പോയ പെൺകുട്ടി, വിളിച്ചയാളുടെ നിർദേശങ്ങൾ അതേപടി അനുസരിച്ചു.
വീഡിയോ പെൺകുട്ടിയുടെ ചൈനയിലെ കുടുംബത്തിന് അയച്ചു നൽകി അവിടെ നിന്ന് കോടികൾ തട്ടിപ്പുകാർ നേടിയെടുത്തു. ഇതേ മാതൃകയിൽ നിരവധി തട്ടിപ്പുകളാണ് ഇവർ നടത്തിയിരിക്കുന്നത്.
വെബ്സൈറ്റ് ഹാക്ക് ചെയ്യും
ഹോട്ടലിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് അവിടെ താമസിക്കുന്നവരുടെ ഡീറ്റെയിൽസ് എടുക്കുകയാണ് തട്ടിപ്പുസംഘത്തിന്റെ ആദ്യ പടി. പിന്നെ അവരുടെ ഹോട്ടലിലേക്ക് വിളിച്ച് മുറിയിലേക്ക് കണക്റ്റ് ചെയ്യിച്ച് തങ്ങൾ ചൈനീസ് സർക്കാർ പ്രതിനിധികളണാന്നോ എഫ്ബിഐ എജന്റ് ആണെന്നോ പറഞ്ഞ് വളരെ ആധികാരികമായ രീതിയിൽ സംസാരിക്കും.
അതിനു ശേഷം അവരെക്കൊണ്ടുതന്നെ സ്വന്തം ഫോണുകൾ ഓഫ് ചെയ്യിപ്പിക്കും. പിന്നെ ബന്ധുക്കളുമായി ബന്ധപ്പെട്ട് അവകരുടെ കൈയിൽ നിന്ന് പണം കൈക്കലാക്കും.
ലെക്കേഷൻ കണ്ടെത്താൻ കഴിയാത്ത ആപ്ലിക്കേഷനുകളാണ് ഇവർ ഉപയോഗിക്കുക. വീചാററ്, വാട്സ് ആപ് തുടങ്ങിയ ആപ്ലിക്കേഷനുകളാണ് അവർ ഉപയോഗിക്കുന്നത്. അതിനാൽ പ്രതികളെ കണ്ടെത്താൻ കഴിയാറുമില്ല.
മറ്റ് രാജ്യങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിക്കുന്നത് എന്നതിനാൽ ആ വഴിയുള്ള അന്വേഷണവും സാധ്യമല്ല. അപൂർവംചില സംഭവങ്ങളിൽ ഡിറ്റക്ടീവുകൾക്ക് ഇരകളെ രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. എന്നാലും 17 കോടിയിലധികം രൂപയുടെ തട്ടിപ്പ് ഇതുവരെ നടന്നിട്ടുള്ളതായാണ് റിപ്പോർട്ട്.
പല വിദ്യാർഥികളും ആദ്യമായിട്ടായികരിക്കും വീട്ടിൽ നിന്ന് മാറി നിന്നിട്ടുള്ളത്. അതിനാൽ അവരെ വലയിൽ വീഴ്ത്തുക വളരെ എളുപ്പമാണ്. ചൈനയിൽ നിന്നുവരുന്ന വിദ്യാർഥികൾക്ക് സ്വന്തം ഗവൺമെന്റ്്ിനോടുള്ള പേടിയാണ് തട്ടിപ്പുകാരുടെ വളം.
വിദേശത്തുവെച്ച് എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ സഹായം തേടി എംബസികളെ സമീപിക്കാൻ പോലും വിദ്യാർഥികൾക്ക് മടിയാണ്. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് വിദ്യാർഥികളിൽ ബോധവത്കരണം നടത്തുകയാണ് പോലീസിപ്പോൾ.