മാന്നാർ: കേരളത്തെ ഞെട്ടിച്ചു വീണ്ടും കിഡ്നാപ്. നാദാപുരത്തു വ്യവസായിയെയും യുവാവിനെയും ദുരൂഹ സാഹചര്യത്തിൽ തട്ടിക്കൊണ്ടുപോയതിനു പിന്നാലെ ആലപ്പുഴ മാന്നാറിലും തട്ടിക്കൊണ്ടുപോകൽ.
നാദാപുരത്ത് തട്ടിക്കൊണ്ടു പോകപ്പെട്ടവരെ പിന്നീടു കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ രാത്രി വീടാക്രമിച്ചു യുവതിയെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്.
ഗൾഫിൽനിന്നു തിരിച്ചെത്തിയിട്ട് നാലു ദിവസം മാത്രമേ ആയിട്ടുള്ളൂ. ക്വാറന്റൈനിൽ കഴിയുന്നതിനിടയിലാണ് തട്ടിക്കൊണ്ടുപോകൽ.ഇന്നു പുലർച്ചെ രണ്ടോടുകൂടി 20ഓളം പേർ വരുന്ന സംഘമാണ് മാന്നാർ കുരട്ടിക്കാട് വിസ്മയ ഭവനത്തിൽ ബിനോയിയുടെ ഭാര്യ ബിന്ദു(39)വിനെ തട്ടികൊണ്ടു പോയത്.
ഗേറ്റ് തല്ലിത്തകർക്കുന്ന ശബ്ദം കേട്ടു വാതിൽ തുറന്നപ്പോഴേക്കും അക്രമിസംഘം വീടിനുള്ളിലേക്ക് ഇരച്ചു കയറി യുവതിയെ ബലമായി പിടിച്ചു കൊണ്ടു പോകുകയായിരുന്നു .
ദുബായിലെ ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തിരുന്ന ഇവർ 19നാണ് നാട്ടിൽ എത്തിയത്. വീട്ടിൽ എത്തിയതിന്റെ തൊട്ടടുത്ത ദിവസം മലപ്പുറം കൊടുവള്ളി സ്വദേശികളാണെന്നു പരിചയപ്പെടുത്തി മൂന്നു പേർ ഇവരുടെ വീട്ടിൽ എത്തിയിരുന്നു.
ബിന്ദുവിനെ കണ്ട ഇവർ ഗൾഫിൽനിന്നു കൊടുത്തു വിട്ട സ്വർണത്തെക്കുറിച്ചു ചോദിച്ചു. എന്നാൽ, ആരും സ്വർണം തന്നു വിട്ടിട്ടില്ലെന്നു യുവതി പറഞ്ഞതിനെത്തുടർന്ന് ആൾ മാറി പോയതാണെന്നു പറഞ്ഞു മൂവർ സംഘം തിരികെ പോവുകയും ചെയ്തു.
ഇതിനു ശേഷമാണ് ഇന്നു പുലർച്ചെ വീട് ആക്രമിച്ചു യുവതിയെ തട്ടികൊണ്ടു പോയത്.സ്വർണക്കടത്ത് സംഘമെന്നാണ് തട്ടികൊണ്ടു പോകലിനു പിന്നിലെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ബിന്ദു നാട്ടിലെത്തിയതു മുതല് ഇവർ നിരീക്ഷണത്തിലായിരുന്നുവെന്നു കരുതുന്നു. തുടർന്നാണ് തട്ടികൊണ്ടു പോകാൻ പദ്ധതിയിട്ടതെന്നും പോലീസ് പറയുന്നു.
മാന്നാർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇവരെ വീട്ടിലെത്തി കണ്ടവരുടെ ചിത്രങ്ങളും ബിന്ദുവിന്റെ ഫോണും പോലീസിനു കൈമാറി.
രാത്രിയിലെ സിസിടിവി ദൃശ്യങ്ങളും ബിന്ദുവിന്റെ ഫോണിലേക്കു വിളിച്ചവരുടെ വിവരങ്ങളും പോലീസ് ശേഖരിച്ചു വരികയാണ്. വീട്ടുകാർ നൽകിയ വിവരം അനുസരിച്ചു മലപ്പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.