ചണ്ഡിഗഡ്: മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോയ അഞ്ചു വയസുകാരിയെ പ്ലസ് വൺ വിദ്യാർഥി വാട്ടർ ടാങ്കിൽ മുക്കി കൊന്നു. സംഭവുമായി ബന്ധപ്പെട്ട് 16 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വളരെ പെട്ടെന്ന് പണം ഉണ്ടാക്കാനാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്നതെന്ന് കൗമാരക്കാരൻ പോലീസിനോടു പറഞ്ഞു. പശ്ചാത്താപം ലേശമില്ലാതെയായിരുന്നു കൗമാരക്കാരന്റെ മറുപടികൾ. സിനിമ കണ്ടാണ് തട്ടിക്കൊണ്ടുപോകൽ പദ്ധതി തയാറാക്കിയതെന്നും ഇയാൾ പോലീസിനോടു വെളിപ്പെടുത്തി. പെൺകുട്ടിയുടെ മൃതദേഹം ഇയാൾ വാട്ടർ കൂളറിൽ ഒളിപ്പിക്കുകയും ചെയ്തു.
സഹോദരിയുടെ വീട്ടിൽ താമസിച്ചിരുന്ന കൗമാരക്കാരൻ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിന്റെ കടയിലായിരുന്നു ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം പെൺകുട്ടിയെ ഇയാൾ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പിന്നീട് ഇയാൾ 20 ലക്ഷം രൂപ ആവശ്യപ്പെട്ട് ഫോൺ ചെയ്തു. പെൺകുട്ടിയുടെ അയൽവാസിക്കാണ് ഫോൺ ചെയ്തത്. ഫോൺവിളി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കൗമാരക്കാരൻ അറസ്റ്റിലായത്. പെൺകുട്ടി ബഹളംകൂട്ടുമെന്ന് ഭയന്നാണ് കൊലപ്പെടുത്തിയത്.