മാന്നാർ:സ്വർണക്കടത്ത് സംഘം മാന്നാറിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങും.ഇതിനായി ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. ഇവരെ കസ്റ്റഡിയിൽ കിട്ടിയാലെ കൂടുതൽ ചോദ്യം ചെയ്യുവാനും തെളിവെടുപ്പുകൾ നത്തു വാനും കഴിയൂ.
റിമാൻ്റിൽ കഴിയുന്ന ആറ് പ്രതികളിൽ രണ്ട് പേർക്ക് സ്വർണക്കടത്ത് സംഘവുമായി നേരിട്ട് ബന്ധമുള്ളവരാണ്. ഒരാൾ വീട് കാണിച്ച് കൊടുത്തയാളും മൂന്ന് പേർ യുവതിയെ വീട്ടിൽ നിന്ന് ഇറക്കി കൊടുക്കുന്നതിന് ക്വട്ടേഷൻ വാങ്ങിയവരുമാണ്.
ഇവരെ വീണ്ടും കസ്റ്റഡിയിൽ കിട്ടുന്നതോടെ കൂടുതൽ കാര്യങ്ങൾ വെളിച്ചത്ത് കൊണ്ടുവരുവാൻ കഴിയുമെന്നാണ് പോലീസ് കരുതുന്നത്.ഇതിനിടയിൽ മറ്റ് പ്രതികൾക്കായി പോലീന് പൊന്നാനി, കൊടുവള്ളി എന്നിവടങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജിതമാക്കി.
പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും എല്ലാവരും ഉടൻ പിടിയിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സ്വർണക്കടത്തിൻ്റെ ദുബൈയിലെ ഇടനിലക്കാരൻ കൊടുവള്ളി സ്വദേശി ഹനീഫാ, തട്ടികൊണ്ടു പോകലിന് നേതൃത്വം നൽകിയ പൊന്നാനി സ്വദേശി രാജേഷ് പ്രഭ അടക്കം ആറോളം പേരെയാണ് ഇനി പിടികൂടാനുള്ളത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും എൻഫോഴ്മെൻ്റും അന്വേഷണം തുടരുകയാണ്.
യുവതിക്ക് ഇന്ന് നട്ടെല്ലിന് ശസ്ത്രക്രിയ
മാന്നാർ: യുവതിയെ അക്രമി സംഘം വീട്ടിൽ നിന്ന് വിലച്ചിഴച്ച് കൊണ്ടു പോയപ്പോഴും വാഹനത്തിനുള്ളിൽ വച്ച് മർദ്ദിച്ചപ്പോഴും ഉണ്ടായ പരിക്ക് ഗുരുതരമായി തുടരുന്നു. ഇതേ തുടർന്ന് നട്ടെല്ലിന് പൊട്ടലേറ്റ് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ ഇന്ന് അടിയന്തര ശസ്ത്രക്രീയക്ക് വിധേയമാക്കും.
പൊട്ടൽ ഉണ്ടായഭാഗത്ത് ശസ്ത്രക്രീയയിലൂടെ സ്റ്റീൽ ഇടും.തുടർന്ന് രണ്ടാഴ്ച പൂർണ വിശ്രമം വേണ്ടി വരും.കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് മാന്നാർ പഞ്ചായത്ത് ഏഴാം വാർഡ് കുരട്ടിക്കാട് വിസ്മയ ഭവനിൽ ബിനോയിയുടെ ഭാര്യ ബിന്ദുവിനെ തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ചത്.
ചെങ്ങന്നൂർ ഡിവൈ എസ്.പി പി ആർ. ജോസിന്റെ നേതൃത്വത്തിൽ 24അംഗ അന്വേഷണസംഘം പലഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രതികൾക്കായുള്ള തിരച്ചിൽ നടത്തുന്നത്. ബിന്ദു ആശുപത്രി വിട്ടതിന് ശേഷം കസ്റ്റംസ് ചോദ്യം ചെയ്യും.