പഴയങ്ങാടി: മാട്ടൂൽ നജാത്ത് ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. ഇന്നലെ വൈകുന്നേരം അഞ്ചോടെ സ്കൂൾ വിട്ട് സൈക്കിളിൽ വരുന്നതിനിടെയാണ് ഓട്ടോറിക്ഷയിൽ എത്തിയ രണ്ടംഗസംഘം വിദ്യാർഥിയെ കയറ്റിക്കൊണ്ടു പോകാൻ ശ്രമം ഉണ്ടായത്.
വിദ്യാർഥി ബഹളം വച്ച് കുതറി ഓടുകയായിരുന്നു. വിദ്യാർഥിയുടെ ബഹളം കേട്ട് നാട്ടുകാർ എത്തിയെങ്കിലും ഓട്ടോറിക്ഷ കണ്ടെത്താൻ സാധിച്ചില്ല. പ്രതികളെ കണ്ടെത്തി നിയമപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിയുടെ മാതാവ് പഴയങ്ങാടി പോലീസിൽ പരാതി നൽകി.
സിഐ സന്തോഷ് കുമാർ, എസ്ഐ രൂപ മധുസൂധനൻ എന്നിവർ കുട്ടിയിൽ നിന്ന് മൊഴി രേഖപ്പെടുത്തി.സ്കൂളും പരിസരവും സന്ദർശിച്ച പോലിസ് സംഘം സമീപമുള്ള സിസി ടിവികൾ പരിശോധിച്ച് ചില സൂചനകൾ ലഭിച്ചതായി പറഞ്ഞു.