ഈ ലോകത്ത് തട്ടിപ്പുകാര്‍ ധാരാളമുണ്ട്. പ്രത്യേകിച്ച് കുട്ടികളെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നവര്‍ നമുക്കിടയില്‍ നിരവധിയുണ്ട്.
അതിപ്പോള്‍ അമേരിക്കയെന്നോ ഇന്ത്യയെന്നോ മാറ്റമില്ല. സൂക്ഷിക്കേണ്ടത് നമ്മള് ഓരോരുത്തരുമാണ്.
ഇപ്പോഴിതാ സ്വന്തം പിതാവിന്റെ കൈയില്‍ നിന്നും ഒരു രണ്ടുവയസുകാരനെ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഇംഗ്ലണ്ടിലെ കോണ്‍വാളിലെ ട്രൂറോയിലെ ഒരു കടയിലാണ് സംഭവം.
ഈ കടയില്‍ എത്തിയതായിരുന്നു ജോണ്‍ ബെയ്ലിസ് എന്നയാള്‍. ഇദ്ദേഹത്തിനൊപ്പം രണ്ടുവയസുള്ള മകനുമുണ്ടായിരുന്നു. ഇവര്‍ കടയിലെത്തുമ്പോള്‍ 50 വയസ് തോന്നിക്കുന്ന ഒരു സ്ത്രീയും പിന്‍ചെന്നു.
ജോൺ വഴിയിൽ നിൽക്കുന്പോൾ ഈ സ്ത്രീ കുറച്ച് നേരമായി കൈകാട്ടിയും മറ്റും കുഞ്ഞിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഇത് ശ്രദ്ധയില്‍പ്പെട്ട ജോണിനെന്തോ പന്തികേട് തോന്നി. അതിനാല്‍ത്തന്നെ അദ്ദേഹം അവിടെ നിന്ന് മാറി.
ജോണ്‍ ഷൂ തിരയുമ്പോള്‍ താന്‍ കുട്ടിയെ പിടിക്കണമോ എന്ന ചോദ്യവുമായി സ്ത്രീ പിന്നീട് ഇവര്‍ കയറിയ കടയിലുമെത്തി.
എന്നാല്‍ വേണ്ടെന്ന് പറഞ്ഞു ജോണ്‍ ഇവരെ ഒഴിവാക്കി. പിന്നെ പിതാവും മകനും കടയില്‍ നിന്നിറങ്ങിയപ്പോഴും ഇവര്‍ പിന്നാലെ കൂടി.
ഇതത്ര നല്ലതല്ലെന്ന് മനസിലാക്കിയ ജോണ്‍ എന്തോ മറന്നപോലെ കടയിലേക്ക് തിരിച്ചുകയറി. അപ്പോഴാ സ്ത്രീയും കൂടെക്കേറി. ജോണിനടുത്തെത്തിയ സ്ത്രീ കുഞ്ഞിനെ വലിച്ചെടുക്കാന്‍ ശ്രമിച്ചു.
ജോണ്‍ എതിര്‍ത്തപ്പോള്‍ കുട്ടി തന്റേതാണെന്നും ജോണ്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതായും നിലവിളിച്ചു.
ഈ അപ്രതീക്ഷിത നീക്കത്തില്‍ ജോണാകെ സ്തബ്ധനായി. എന്നിരുന്നാലും കുട്ടിയെ കൈവിടാതിരിക്കാന്‍ അയാള്‍ ശ്രദ്ധിച്ചു.
ജോണ്‍ ആ സ്ത്രീയെ പലവട്ടം പിടിച്ചുതള്ളി. പോലീസിനെ വിളിക്കാന്‍ അദ്ദേഹം കടക്കാരോട് പറഞ്ഞെങ്കിലും അവരതിന് തയാറായില്ല.
ഒടുവില്‍ ജോണ്‍ ഒരുവിധത്തില്‍ തന്റെ ഫോണ്‍ എടുത്ത് പോലീസിനെ വിളിക്കാന്‍ ശ്രമിച്ചു. ഈ സമയം ആ സ്ത്രീ ഓടി രക്ഷപ്പെടുകയും ചെയ്തു.
സംഭവം വാര്‍ത്തയായതോടെ ഈ സ്ത്രീ മുമ്പും ഇത്തരത്തില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചതായി മറ്റൊരു കുടുംബം പറഞ്ഞു. ഏതായാലും കുഞ്ഞിനെ രക്ഷിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ജോണും കുടുംബവും.
എന്നാല്‍ കടയുടമയും ചുറ്റും നിന്നവരും നിശബ്ദത പാലിച്ചത് തന്നെ വേദനിപ്പിച്ചെന്ന് ജോണ്‍ ഈ സംഭവം ഫേസ്ബുക്കില്‍ കുറിച്ചപ്പോള്‍ പറഞ്ഞു.
എല്ലാ മാതാപിതാക്കളും നല്ല ശ്രദ്ധ പുലര്‍ത്തണമെന്നും തട്ടിപ്പുകാര്‍ എവിടെയും പല രൂപത്തില്‍ പതിയിരിക്കാമെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.