കൊല്ലം : കൊട്ടിയത്ത് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിനുപിന്നിൽ ബന്ധുക്കൾ തമ്മിലുള്ള സാന്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കം. കുട്ടിയുടെ കുടുംബം ബന്ധുവിൽനിന്ന് പത്തുലക്ഷം രൂപ വാങ്ങിയിരുന്നു.
ഇത് തിരിച്ചുവാങ്ങാനായി ബന്ധുവിന്റെ മകനായ ബി.ഫാം വിദ്യാർഥി മാർത്താണ്ഡം സ്വദേശിയായ ബിജു ഉൾപ്പടെയുള്ളവർക്ക് കൊട്ടേഷൻ നൽകുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.
അതിക്രമിച്ചു കയറി
സംഘം രണ്ട് ദിവസം കൊട്ടിയത്ത് കുട്ടിയുടെ വീടിന് പരിസരം നിരീക്ഷണം നടത്തിയശേഷം വീട്ടിൽ ആണുങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് വീട്ടിൽ അതിക്രമിച്ചുകയറി കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
മാർത്താണ്ഡം പോലീസ് അവസരോചിതമായി ഇടപെട്ടതിനാൽ കുട്ടിയെ കൊണ്ടുപോയ ഓട്ടോറിക്ഷ അതിർത്തി ചെക്കുപോസ്റ്റായ കോഴിവിളയിൽ പരിശോധന നടത്തവേയാണ് കസ്റ്റഡിയിലെടുത്തത്.
കുട്ടിയെ എങ്ങനെയെങ്കിലും മാർത്താണ്ഡത്ത് എത്തിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഇതിനായി ഒരു ലക്ഷം രൂപയാണ് ബന്ധു ക്വട്ടേഷൻ സംഘത്തിന് വാഗ്ദാനം ചെയ്തത്.
കാർ കസ്റ്റഡിയിൽ
കൊട്ടിയത്തുനിന്നു തട്ടിക്കൊണ്ടുപോകാനായി ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തിൽ ഒന്‍പതുപേരാണ് ഉണ്ടായിരുന്നത്. ഇവരിൽ ഏഴുപേർ തമിഴ്നാട് സ്വദേശികളാണ്.
ബിജുവിനെ ചോദ്യം ചെയ്ത പ്പോഴാണ് കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചത്. അതേസമയം മകനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടു.
കൊട്ടിയം പോലീസ് സ്റ്റേഷനിലെത്തിച്ച കുട്ടിയെ നിയമ നടപടിക്കുശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.