ചാലക്കുടി: വാനിലെത്തിയ സംഘം സ്കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയതായി പരാതി. കൊടകരയിലെ സ്കൂളിൽ പഠിക്കുന്ന പ്ലസ് വൺ വിദ്യാർഥിയെയാണ് തട്ടിക്കൊണ്ടുപോയത്. വൈകീട്ട് കുട്ടി വാഹനത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും പ്രതികളെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല.
ചാലക്കുടി സുഭാഷ് നഗറിൽ താമസിക്കുന്ന വിദ്യാർഥി ഇന്നലെ രാവിലെ സ്കൂളിലേക്കു പോകുന്പോഴാണ് സംഭവം ഉണ്ടായത്. ചാലക്കുടിയിൽനിന്നു ബസ് കയറി കൊടകരയിൽ ഇറങ്ങി റോഡ് മുറിച്ചുകടക്കാൻ നിൽക്കുന്പോൾ മാരുതി ഓമ്നി വാനിലെത്തിയ നാലംഗസംഘം വാഹനം നിറുത്തി വിദ്യാർഥിയോടു വഴി ചോദിച്ചു. വഴി പറഞ്ഞുകൊടുക്കുന്നതിനിടയിൽ കാറിലേക്ക് ബലമായി കയറ്റിയതിനുശേഷം മുഖത്ത് സ്പ്രേ അടിച്ചതായി വിദ്യാർഥി പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. ഇതോടെ വിദ്യാർഥി അബോധാവസ്ഥയിലായി.
പിന്നീട് വൈകീട്ട് വിദ്യാർഥിക്കു ബോധം തിരിച്ചുകിട്ടുന്പോൾ കാർ എറണാകുളത്ത് എത്തിയിരുന്നു. കൈകൾ ബന്ധിച്ച നിലയിലായിരുന്നു. ഡ്രൈവർ മാത്രമാണ് നിർത്തിയിട്ട കാറിലുണ്ടായിരുന്നത്. ഈ സമയം കൈയിൽ ഒട്ടിച്ചിരുന്ന പ്ലാസ്റ്റർ ബലമായി മാറ്റി വിദ്യാർഥി കാർ തുറന്ന് പുറത്തേക്കോടുകയായിരുന്നു.
ഡ്രൈവർ പിന്നാലെ ഓടി വിദ്യാർഥിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും അയാളുടെ കൈയിൽ കടിച്ച് പരിക്കേൽപ്പിച്ച് വിദ്യാർഥി രക്ഷപ്പെട്ട് ഓടി ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസിനോട് വിവരം പറഞ്ഞു. പോലീസ് ഉടനെ തേവര പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. വീട്ടുകാരെത്തി വിദ്യാർഥിയെ കൂട്ടികൊണ്ടുപോരുകയായിരുന്നു.
പിന്നീട് വീട്ടുകാരും വിദ്യാർഥിയും കൊടകര പോലീസിൽ പരാതി നൽകി. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ മറ്റാർക്കോ കൈമാറുന്നതിനായി സംഘം വേറൊരു വാഹനം കാത്തു നിൽക്കുകയായിരുന്നെന്ന് അബോധാവസ്ഥയിൽ കേട്ടതായി വിദ്യാർഥി പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.