സ്വന്തംലേഖകന്‍
കോഴിക്കോട് : കേന്ദ്രഏജന്സികള്ക്കു പുറമേ പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തുന്നതിനിടെ വീണ്ടും സ്വര്‍ണക്കടത്ത് സംഘത്തിന്റെ കിഡ്നാപ്പിംഗ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതിനു തൊട്ടുപിന്നാലെ യുവാവ് തിരികെയെത്തി.
കൊയിലാണ്ടിക്കു സമീപം മുത്താമ്പിയിലാണ് നാടകീയമായ സംഭവമുണ്ടായത്. തോണിയാടത്ത് ഹനീഫയെ രാത്രി 11.30 ഓടെയാണ് വീട്ടിലെത്തിയ അഞ്ചംഗസംഘം തട്ടികൊണ്ടുപോയത്.വിവരമറിഞ്ഞ് വടകര റൂറല്‍ എസ്പി ഡോ.ബി.ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പോലീസുദ്യോഗസ്ഥര്‍ കൊയിലാണ്ടി സ്റ്റേഷനിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
സിസിടിവി
തട്ടിക്കൊണ്ടുപോയവരെ കണ്ടെത്തുന്നതിനായി സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു അന്വേഷണം ആരംഭിച്ചത്. റോഡരികിലെ വ്യാപാര സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അതിനിടെയാണ് ഹനീഫ തിരിച്ചെത്തുന്നത്.
സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ടെന്നും അതിനാല്‍ കൂടുതല്‍ അന്വേഷണം ഇക്കാര്യത്തില്‍ നടത്തുമെന്നും കൊയിലാണ്ടി പോലീസ് അറിയിച്ചു. ഹനീഫയെക്കുറിച്ചും പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.
ഇയാള്‍ വിദേശത്തുനിന്നു സ്വര്‍ണം കൊണ്ടുവരുന്ന കാരിയറാണെന്ന സൂചനയാണ് പോലീസിനു ലഭിച്ചത്. ഈ സാഹചര്യത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ ഇടപടല്‍ പോലീസ് പരിശോധിക്കും.
ഒരു മാസം മുമ്പും കിഡ്നാപ്പിംഗ് !
ഒരു മാസം മുമ്പും കൊയിലാണ്ടിയിലെ പ്രവാസിയെ സ്വര്‍ണക്കടത്ത് സംഘം തട്ടികൊണ്ടുപോയിരുന്നു. കൊയിലാണ്ടി ഊരള്ളൂരിലെ പ്രവാസിയായ അഷ്റഫിനെയാണ് കൊടുവള്ളിയില്‍ നിന്നും കാറില്‍ എത്തിയ സംഘം തട്ടികൊണ്ടുപോയത്.
അഷ്റഫ് വിദേശത്ത് നിന്ന് കൊണ്ടുവന്ന സ്വര്‍ണം യഥാര്‍ഥ ഉടമകള്‍ക്ക് ലഭിക്കാതായതോടെയാണ് തട്ടികൊണ്ടുപോയത്. തുടര്‍ന്ന് അര്‍ധരാത്രി വഴിയില്‍ ഇറക്കിവിടുകയും ചെയ്തു.
സംഭവത്തില്‍ മൂന്നു പേരെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. എന്നാല്‍, തട്ടികൊണ്ടുപോയി മര്‍ദിച്ചവരെ ഇതുവരെയും പിടികൂടാനായിട്ടില്ല.