ആലപ്പുഴ: വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയ ആന്ധ്ര സ്വദേശിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ആന്ധ്ര സ്വദേശിയായ ചിന്നപ്പൻ (75) ആണ് പിടിയിലായത്. വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്നു ഓടിയയാളെ നാട്ടുകാർ കൈയ്യോടെ പിടികൂടുകയായിരുന്നു. പാണാവള്ളി പഞ്ചായത്ത് ആറാംവാർഡിൽ കൃപയിൽ സജീവന്‍റെ മകനെയാണ് ഇയാൾ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്.
സംഭവ ദിവസം രാവിലെ അരയംകാവ് ക്ഷേത്രപ്രദേശത്ത് എത്തിയെന്ന് പറയപ്പെടുന്ന ഇയാൾ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പത്തുരൂപ കാട്ടി അടുക്കലേക്ക് വിളിയ്ക്കുവാൻ ശ്രമിച്ചു. തലേദിവസം കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന ചിത്രങ്ങൾ നവമാധ്യമങ്ങളിൽ വന്നത് പിതാവ് കാട്ടിയിരുന്നതിനാൽ ഭയപ്പെട്ട് കുട്ടി നിലവിളിയ്ക്കുകയും നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി പൂച്ചാക്കൽ സ്റ്റേഷനിൽ ഏൽപ്പിക്കുകയുമായിരുന്നു.
ഇയാളുടെ പക്കൽനിന്ന് ഒൻപതിനായിരം രൂപയും, നാല് ഉപയോഗിച്ചു കഴിഞ്ഞ ഐസ്ക്രീം ബോളുകളും, രണ്ട് ബിങ്കോ, ചവണ, ബ്ലേഡുകൾ, പുതിയ നൂറോളം മുള്ളാണികൾ എന്നിവ ഉണ്ടായിരുന്നു. കഴിഞ്ഞ ഒരാഴ്ച സ്റ്റേഷനൻ അതിർത്തിയിൽ നിരവധിയായ വീടുകളിൽ സ്റ്റിക്കർ പതിച്ചതുമായി ബന്ധപ്പെട്ട് പരിഭ്രാന്തിയിലായിരുന്നു നാട്ടുകാർ. അതിനാൽ തന്നെ സംഭവം ദിവസം എഴോളം നാടോടികളെ പിടികൂടി സ്റ്റേഷനിൽ ഏല്പിച്ചിട്ടുണ്ട്. പ്രതിയെന്നു സംശയിക്കുന്നയാളെ വിശദമായ അന്വേഷണത്തിനായി പൂച്ചാക്കൽ സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്.