കൊല്ലം ചിതറയില്‍ വീട്ടമ്മയെ തട്ടികൊണ്ടു പോകാന്‍ ശ്രമം. ലിഫ്റ്റ് ചോദിച്ചു ബൈക്കില്‍ കയറിയ ചോഴിയക്കോട് സ്വദേശിനിയായ യുവതിയെയാണ് ബൈക്കുകാരന്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്.
രക്ഷപ്പെടാനായി ബൈക്കില്‍ നിന്ന് ചാടിയിറങ്ങുന്നതിന്റെ ഇടയില്‍ തലയിടിച്ച് വീണ് ഇവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ അരിപ്പല്‍ യുപി സ്‌കൂളിന് സമീപമാണ് സംഭവം. സ്‌കൂളില്‍ നിന്ന് മകള്‍ക്കുളള പുസ്തകവും വാങ്ങി വീട്ടിലേക്ക് പോകാനായി റോഡില്‍ ഇറങ്ങിയ യുവതിക്ക് ഏറെ നേരം കാത്തു നിന്നിട്ടും വാഹനമൊന്നും ലഭിച്ചില്ല.
തുടര്‍ന്ന് ബൈക്ക് യാത്രക്കാരന് കൈ കാണിച്ചു. ബൈക്കില്‍ കയറിയ ഉടനെ ബൈക്ക് ഓടിച്ചിരുന്നയാള്‍ യുവതിയെ സമീപമുളള വനത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി. ബൈക്കില്‍നിന്ന് എടുത്തുചാടിയപ്പോഴാണ് റോഡില്‍ തലയിടിച്ചു വീണ് പരുക്കേറ്റത്.
കടയ്ക്കല്‍ താലൂക്കാശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ചിതറ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വനത്തിനുളളില്‍ പോലീസ് പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ പിടികൂടാനുളള ശ്രമത്തിലാണ് പോലീസ്.