കൊച്ചി/കാക്കനാട്: വാഹന ഇടപാടുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ച കേസില്‍ അഞ്ചുപേരെ ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട മണക്കാല സ്വദേശി ചെറുവിള പുത്തന്‍വീട്ടില്‍ വിഷ്ണു ജയന്, കൊല്ലം ഏഴിപ്രം ആസിഫ് മന്‍സിലില്‍ അക്ബര്‍ ഷാ, കൊല്ലം മുളവന ലോപ്പേറഡെയില്‍ വീട്ടില്‍ പ്രതീഷ്, പനമ്പിള്ളിനഗര്‍ പെരുമ്പിള്ളിത്തറ സുബീഷ്, തേവര പെരുമാനൂര്‍ കുരിശുപറമ്പില്‍ ലിജോ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ചെങ്ങന്നൂര്‍ സ്വദേശിയായ ലെവിന്‍ വര്‍ഗീസിനെയാണ് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. മൂന്ന് പേരെ അടൂര്‍ പോലീസും രണ്ട് പേരെ എറണാകുളം പോലീസുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ; ലെവിന്‍ വര്‍ഗീസ് പ്രതികളിലൊരാളായ വിഷ്ണുവിന്റെ സുഹൃത്തിന്റെ പക്കല്‍നിന്ന് ഒരു കാര്‍ വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കം ഏറെ നാളായി തുടരുകയായിരുന്നു.
ഇതിനിടയില്‍ പണം നല്‍കിയില്ലെങ്കില്‍ കാര്‍ തിരികെ വേണമെന്ന് ഉടമ ആവശ്യപ്പെട്ടു. എന്നാല്‍ ലെവിന്‍ ഇതിന് തയാറായിരുന്നില്ല. അങ്ങനെയാണ് കാര്‍ തിരികെ എടുക്കാന്‍ വിഷ്ണുവിന് ക്വട്ടേഷന്‍ നല്‍കിയത്.
കഴിഞ്ഞ ദിവസം ലെവിന്‍ വര്‍ഗീസും ഭാര്യയും ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷന് പരിധിയില്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ ഗുണ്ടാ സംഘം ഇവരെ വളയുകയും ഭാര്യയെ കാറില്‍നിന്ന് ഇറക്കിയ ശേഷം ലെവിനുമായി കാര്‍ കടത്തിക്കൊണ്ടി പോകുകയായിരുന്നു.
സംഘം ഇയാളെ അടൂരിലെത്തിച്ച ശേഷം സര്‍ക്കാര്‍ റെസ്റ്റ് ഹൗസിലെ ഒരു മുറിയില്‍ അടച്ചിടുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ഇതിനിടെ ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയെന്ന് കാട്ടി ഭാര്യ ഇന്‍ഫോപാര്‍ക്ക് പോലീസില്‍ പരാതി നല്കി.
തുടര്‍ന്ന് ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ലെവിന്‍ അടൂരിലുണ്ടെന്ന് മനസിലാക്കി. അടൂരിലെ ഷാഡോ പോലീസിന് വിവരങ്ങള്‍ കൈമാറുകയും ഇവര്‍ റെസ്റ്റ് ഹൗസില്‍ പരിശോധന നടത്തുകയും ചെയ്തു.
പരിശോധനയില്‍ ഒരു മുറിയില്‍ അവശ നിലയിലായ ലെവിന്‍ വര്‍ഗീസിനെയും മൂന്ന് ഗുണ്ടാ സംഘങ്ങളെയും കണ്ടെത്തുകയായിരുന്നു. പോലീസ് എത്തുന്നത് കണ്ടതോടെ രണ്ടു പേര് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.
പോലീസ് മൂവരെയും പിടികൂടി ഇന്‍ഫോ പാര്‍ക്ക് പോലീസിന് കൈമാറി. മര്‍ദനത്തില്‍ അവശനായ ലെവിന്‍ വര്‍ഗീസിനെ ആദ്യം ജനറല്‍ ആശുപത്രിയിലും വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റി.
പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്നും കൂടുതല്‍ വിരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും ഇന്‍ഫോ പാര്‍ക്ക് പോലീസ് അറിയിച്ചു.
തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പി.വി. ബേബിയുടെ നിര്‍ദേശാനുസരണം ഇന്‍ഫോപാര്‍ക്ക് സിഐ വിബിന് ദാസിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ഇന്ദുചൂഢന്, സീനിയര്‍ പോലീസ് ഓഫീസര്‍ മുരളീധരന്, സജിത്ത് പോള്‍, സിപിഒ ഇയകുമാര് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതീഷും സുബീഷും കൊലപാതര കേസുകളടക്കം നിരവധി കേസുകളിലെ പ്രതികളാണ്.