കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് സുപ്രധാന വഴിത്തിരിവിലേക്ക്. പ്രതികളിൽ ഒരു യുവതി നേഴ്സിംഗ് കെയർ ടേക്കറായി ജോലി ചെയ്തിരുന്ന വ്യക്തിയാണെന്നു പോലീസ് സംശയിക്കുന്നു. നേരത്തേ പാലായിലും പത്തനംതിട്ടയിലും ജോലി ചെയ്തിട്ടുള്ള ഇവർ റിക്രൂട്ട്മെന്റ് തട്ടിപ്പിന് ഇരയായിട്ടുണ്ടന്നും സൂചനയുണ്ട്.
യുവതി നിലവിൽ കോഴിക്കോട്ടാണുള്ളതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്കു ലഭിച്ച വിവരം. രേഖാചിത്രത്തിന്റെ അടിസ്ഥാനത്തിൽ ലഭിച്ച വിവരമായതിനാൽ ഇതിന്റെ ആധികാരിക പരിശോധിക്കേണ്ടതുണ്ട്.
വിദേശത്തേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന സംഘങ്ങൾക്ക് ഓയൂരിലെ തട്ടിക്കൊണ്ട് പോകലിന് ബന്ധമുണ്ടോ എന്ന വിവരവും പോലീസിന്റെ അന്വേഷണ പരിധിയിൽ ഉണ്ട്.
അതേസമയം പ്രതികളിലേക്ക് പോലീസ് അടുക്കുന്നുവെന്നും പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നുമാണ് പുറത്തുവരുന്ന വിവരം. പ്രതികളിൽ ചിലരെ വ്യക്തമായി തിരിച്ചറിഞ്ഞ് കഴിഞ്ഞതായും സൂചനയുണ്ട്. എല്ലാറ്റിനും ഇന്ന് വൈകുന്നേരത്തോടെ ഉത്തരം ലഭിക്കും എന്ന ശുഭപ്രതീക്ഷയിലാണ് അന്വേഷണ സംഘം.
സംഘം സഞ്ചരിച്ച കാറിൽ വ്യാജ നമ്പർ പ്ലേറ്റ് പതിപ്പിച്ച ചിറക്കര സ്വദേശി പോലീസ് കസ്റ്റഡിയിലുണ്ട്. ഇന്നലെ വൈകുന്നേരം ചിറക്കരയിൽനിന്ന് പിടിയിലായ ഇയാളെ ഡിഐജി ആർ. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘം വിശദമായി ചോദ്യം ചെയ്ത് വരികയാണ്. മറ്റൊരു സംഘം ഇയാളുടെ മുൻകാല പശ്ചാത്തലവും അന്വേഷിക്കുന്നു.
അതേസമയം കേസന്വേഷണം കുട്ടിയുടെ അച്ഛൻ റെജിയിലേക്കും നീളുകയാണ്. ഇയാളിൽനിന്ന് ഇന്ന് വിശദമായ മൊഴി രേഖപ്പെടുത്തും. കൊട്ടാരക്കരയിലെ റൂറൽ പോലീസ് ആസ്ഥാനത്ത് ഇന്ന് ഹാജരാകണമെന്ന് അന്വേഷണ സംഘം റെജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായാൽ പോലീസ് പ്രതികളുടെ അറസ്റ്റിലേക്ക് കടക്കുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.സാമ്പത്തിക ഇടപാടുകളും ഇതുമായി ബന്ധപ്പെട്ട മറ്റ് ചില പ്രശ്നങ്ങളുമാണ് കുട്ടിയെ തട്ടിക്കൊണ്ട് പോകലിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
കുട്ടിയുടെ അച്ഛനും അമ്മയും നഴ്സുമാരാണ്. നഴ്സുമാരുടെ സംഘടനായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യുഎൻഎ) പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കൂടിയാണ് അച്ഛൻ റെജി. സംഘടനയുമായോ റെജിയുമായോ ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ തട്ടിക്കൊണ്ടുപോകലിന് പിന്നിലുണ്ടോയെന്നു പോലീസ് പരിശോധിച്ചിരുന്നു.
ഈ അന്വേഷണമാണ് നഴ്സിംഗ് കെയര് ടേക്കറിലേക്കും റിക്രൂട്ട്മെന്റ് തട്ടിപ്പ് ഇരകളിലേക്കും എത്തിനിൽക്കുന്നതെന്നാണു പോലീസ് വൃത്തങ്ങളിൽനിന്നു ലഭിക്കുന്ന സൂചന.
പിതാവ് താമസിച്ചിരുന്ന പത്തനംതിട്ടയിലെ ഫ്ലാറ്റിൽ ഇന്നലെ റെയ്ഡ് നടത്തി മൊബൈൽ ഫോൺ പിടിച്ചെടുത്തിരുന്നു. ഫോണിന്റെ ശാസ്ത്രീയ പരിശോധനകൾ നടന്ന് വരികയാണ്. ഇതിൽനിന്ന് പല വിലപ്പെട്ട വിവരങ്ങളും ലഭിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ചിലർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ വാഹനം കണ്ടെത്തുന്നതിന് ഇന്നലെ രാത്രി മുതൽ ഇന്ന് പുലർച്ചെ വരെ പരവൂർ, പാരിപ്പള്ളി മേഖലകളിൽ വ്യാപക തെരച്ചിൽ നടത്തുകയുണ്ടായെങ്കിലും ശ്രമം വിഫലമായി.
തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച വെള്ള സ്വിഫ്റ്റ് കാറിനെക്കുറിച്ചും സംഘം കുട്ടിയുമായി തങ്ങിയ വലിയ വീടിനെക്കുറിച്ചും ഇപ്പോഴും പോലീസിന് വ്യക്തതയില്ല.ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിൽ എത്തിയ കുട്ടിയിൽനിന്ന് അന്വേഷണ ഉദ്യോഗസ്ഥർ കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു.
തട്ടിക്കൊണ്ട് പോകുമ്പോൾ കാറിൽ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് ഉണ്ടായിരുന്നതെന്ന് കുട്ടി പറഞ്ഞു. വീട്ടിൽ എത്തിയശേഷം ഒരു സ്ത്രീ പുറത്ത് പോയി ഭക്ഷണം വാങ്ങി തിരികെ വന്നു. അടുത്ത ദിവസം കൊല്ലം ആശ്രാമം മൈതാനത്ത് കൊണ്ട് വരുന്നതിന് മുമ്പ് യാത്ര ചെയ്ത കാറിൽ മൂന്ന് പേർ ഉണ്ടായിരുന്നതായും കുട്ടി വ്യക്തമാക്കിയിട്ടുണ്ട്.
യാത്രയ്ക്കിടയിൽ സംഘാംഗങ്ങൾ പരസ്പരം കാര്യമായി സംസാരിച്ചിരുന്നില്ല. അതു കാരണം പ്രതികളുടെ പേരുകളൊന്നും കുട്ടിക്ക് തിരിച്ചറിയാനും കഴിഞ്ഞിട്ടില്ല. കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇന്നലെ വൈകുനേരം മൂന്നു പേരുടെ രേഖാചിത്രം പുറത്തുവിടുകയുണ്ടായി.
കാർ ഓടിച്ചിരുന്നയാൾ, ആശ്രാമം മൈതാനത്ത് ഒപ്പമെത്തിയ യുവതി, രാത്രി തങ്ങിയ വീട്ടിൽ കുട്ടിയെ പരിചരിച്ച സ്ത്രീ എന്നിവരുടേതെന്ന് സംശയിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്. അതിനു ശേഷം ഇവരെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പോലീസിന് ലഭിക്കുകയും ചെയ്തു. സംശയത്തിനന്റെ അടിസ്ഥാനത്തിൽ ചിലരെ കസ്റ്റഡിയിൽ എടുത്തിട്ടുമുണ്ട്. പോലീസ് വലയം ഭേദിക്കാൻ കഴിയാത്ത വിധം ചിലർ നിരീക്ഷണത്തിലുമാണ്.
എസ്.ആർ. സുധീർ കുമാർ