കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെ ഒന്നാം പ്രതി കെ.ആർ.പദ്മകുമാറിന്റെ ഉടമസ്ഥതയിലെ ഫാം ഹൗസിലെ ജീവനക്കാരിക്ക് വധഭീഷണി വന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
പോളച്ചിറയിലെ ഫാം ഹൗസ് ജീവനക്കാരി ഷീബയ്ക്ക് നേരേയാണ് വധ ഭീഷണി ഉയർന്നിട്ടുള്ളത്. ഇവരുടെ ഭർത്താവ് ഷാജിയെ ഫോണിൽ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. വിളി വന്ന ഫോൺ നമ്പർ സഹിതം ഷാജി പരവൂർ പോലീസിൽ പരാതി നൽകി.
പദ്മകുമാറിന്റെ സുഹൃത്താണ് ഭീഷണിപ്പെടുത്തിയതെന്നും പരാതിയിൽ പറയുന്നു. ഇയാളുടെ പേരും പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്. പദ്മകുമാറും കുടുംബവും അറസ്റ്റിലായ ശേഷം ഷീബ ഫാംഹൗസ് പ്രവർത്തനവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പോലീസിനോടും മാധ്യമങ്ങളോടും പറഞ്ഞിരുന്നു.
ഇതിലുള്ള വിരോധമാണ് ഭീഷണിക്ക് കാരണമെന്ന് കരുതുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് ഇക്കാര്യം അന്വേഷിക്കുന്നത്. കേസ് എടുത്തിട്ടില്ല.
അതേ സമയം കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ പോലീസ് കൊട്ടാരക്കര കോടതിയിൽ ഇന്ന് അപേക്ഷ നൽകുമെന്നാണ് വിവരം.
കൊട്ടാരക്കര സബ് ജയിലിൽ പാർപ്പിച്ചിരുന്ന പദ്മകുമാറിനെ ഇന്നലെ തിരുവനന്തപുരം സെൻട്രൽ ജയിലിലേയ്ക്ക് മാറ്റി. ജയിൽ ഡിഐജിയുടെ നിർദേശാനുസരണമാണിത്.
പ്രതികൾക്ക് വേണ്ടി രണ്ട് അഭിഭാഷകർ കോടതിയിൽ ഹാജരാകും. ഒരാൾ പദ്മകുമാറിന് വേണ്ടിയും രണ്ടാമത്തെ വനിതാ അഭിഭാഷക ഭാര്യയ്ക്കും മകൾക്കും വേണ്ടിയുമാണ് ഹാജരാകുക. പ്രതികൾക്ക് വേണ്ടി അഭിഭാഷകരെ ഏർപ്പെടുത്തിയത് കോടതിയുടെ അറിവോടെ ലീഗൽ സർവീസ് അതോറിറ്റിയാണ്