തിരുവനന്തപുരം: കൊല്ലം ജില്ലയിലെ ഓയൂരിൽ നിന്ന് 6 വയസുകാരി അബിഗേൽ സാറാ റെജിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് ഊർജിതമായി അന്വേഷിക്കുകയാണെന്നും സംഭവം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു.
സംഭവത്തിൽ കുറ്റമറ്റതും ത്വരിതവുമായ അന്വേഷണം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
കുട്ടിയെപ്പറ്റി വിവരം ലഭിച്ചാല്അറിയിക്കുക: 9946923282, 9495578999. കണ്ട്രോള് റൂം നമ്പര്: 112
തിരുവനന്തപുരത്ത് മൂന്നുപേരെ ചോദ്യം ചെയ്യുന്നു
കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച് എന്ന് കരുതുന്ന കാറുമായി ബന്ധപ്പെട്ട് കല്ലുവാതുക്കൽ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നു. വേളമാനൂർ നിന്ന് കല്ലുവാതുക്കൽ ഭാഗത്തേക്ക് അതിവേഗത്തിൽ വെളുത്ത കാർ കടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. വഴിയിലെ ഒരു വീട്ടിലെ സിസിടിവിയിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്.
ഇത് അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് പ്രതീക്ഷ. കല്ലുവാതുക്കലും വേളമാനൂരും കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ശ്രീകാര്യത്ത് നിന്ന് ഒരാളെയും ശ്രീകണ്ഠശ്വരത്ത് നിന്ന് രണ്ട് പേരെയും പോലീസ് സംശയത്തിന്റെ പേരിൽ കസ്റ്റഡിയിൽ എടുത്തു.
ഇവരെ ഫോർട്ട് പോലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. കാർ വാഷിംഗ് സെന്ററുമായി ബന്ധപ്പെട്ടവരാണ് ഇവർ. ഇവിടെ നിന്ന് പണമടങ്ങിയ ഒരു ബാഗ് ലഭിച്ചിരുന്നു.
അതേസമയം കാർ വാഷിംഗ് യാർഡിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത കാറിന് സംഭവവുമായി ബന്ധമില്ല എന്നാണ് ഒടുവിൽ പോലീസിൽ നിന്ന് ലഭിക്കുന്ന സൂചന. കസ്റ്റഡിയിൽ എടുത്തവരെ വിട്ടയച്ചേക്കുമെന്നും അറിയുന്നു.
കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ പൂയപ്പള്ളി പോലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് നിർണായകമായ അന്വേഷണത്തിന്റെ ഭാഗമാണ് ഇതെന്നാണ് വിവരം.