കൊച്ചി: കൊല്ലം ഓയൂരില്‍നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാംപ്രതി അനുപമ പദ്മകുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
പഠനാവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്ന അനുപമയുടെ ആവശ്യം പരിഗണിച്ചാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. നിലവില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അനുപമ ബംഗളൂരുവില്‍ എല്‍എല്‍ബി കോഴ്സിനു ചേരാനാണ് ഒരുങ്ങുന്നത്.
എല്ലാ മാസവും മൂന്നാം ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണമെന്നും മറ്റാവശ്യങ്ങള്‍ക്ക് കൊല്ലം ജില്ലയില്‍ പ്രവേശിക്കരുതെന്നും ഹര്‍ജിക്കാരിയോടു നിര്‍ദേശിച്ചിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കരുതെന്നും പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നുമാണ് മറ്റ് ഉപാധികള്‍.
2023 നവംബര്‍ 27ന് സഹോദരനൊപ്പം ട്യൂഷന് പോയിരുന്ന ആറുവയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. അനുപമയുടെ പിതാവ് മാമ്പള്ളിക്കുന്നം കവിതാരാജില്‍ പദ്മകുമാര്‍, അമ്മ അനിത എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍.
10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട പ്രതികള്‍ പിന്നീട് കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയായിരുന്നു. ഡിസംബര്‍ ഒന്നിന് തമിഴ്നാട്ടിലെ പുളിയറയില്നിന്നാണു പ്രതികള്‍ പിടിയിലായത്.
ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പദ്മകുമാറും അനിതയും ജയിലില്‍ തുടരുകയാണ്. കൊല്ലം അഡീ. സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നാണ് അനുപമ ഹൈക്കോടതിയെ സമീപിച്ചത്.