തിരുവനന്തപുരം: വിദേശത്തുനിന്നു വിമാനത്താവളത്തിലെത്തിയയാളെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യവെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയതായി പരാതി. ഓട്ടോറിക്ഷ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വഞ്ചിയൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വിദേശത്തുനിന്നുള്ള വിമാനത്തിലെത്തിയ യാത്രക്കാരൻ വിമാനത്താവളത്തിന് പുറത്തുനിന്ന് ഓട്ടോറിക്ഷയിൽ പോകവെ സ്വിഫ്റ്റ് കാറിലെത്തിയ മൂന്നംഗ സംഘം ഓട്ടോറിക്ഷ തടഞ്ഞുനിർത്തി യാത്രക്കാരനെ തട്ടിക്കൊണ്ട് പോയതെന്നാണ് ഡ്രൈവർ പോലീസിനോട് പറഞ്ഞത്.
വഞ്ചിയൂർ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ വച്ചാണ് സംഭവം. സിസിടിവി പരിശോധിച്ച് പോലീസ് കാറിന്റെ വിവരങ്ങൾ മനസിലാക്കി. വാടകയ്ക്കെടുത്ത കാറാണ് കൃത്യത്തിന് ഉപയോഗിച്ചതെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
തമിഴ്നാട് സ്വദേശിയായ ആളിനെയാണ് തട്ടിക്കൊണ്ട് പോയതെന്നാണ് ഓട്ടോ ഡ്രൈവർ പോലീസിനോട് മൊഴി നൽകിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.