സ്വന്തം ലേഖകന്‍
കോഴിക്കോട് : ഗള്‍ഫില്‍ നിന്നെത്തിയ പ്രവാസിയെ തട്ടിക്കൊണ്ടുപോയി ഒരു മാസം പൂര്‍ത്തിയായിട്ടും പ്രതികളെ കണ്ടെത്താനാവാതെ പോലീസ്. അരിക്കുളം സ്വദേശിയായ അഷ്റഫിനെയാണ് ഒരു സംഘമാളുകള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടികൊണ്ടുപോയി പിന്നീട് വിട്ടയച്ചത്.
റൂറല്‍ എസ്പി ഡോ. ബി.ശ്രീനിവാസിന്റെ നേതൃത്വത്തില്‍ 15 അംഗം സംഘത്തെ കേസിന്റെ അന്വേഷണത്തിനായി നിയമിച്ചെങ്കിലും യാതൊരു പുരോഗതിയുമുണ്ടായിട്ടില്ല.
വടകര ഡിവൈഎസ്പി കെ.അഷ്റഫിനാണ് അന്വേഷണ ചുമതല. കേസിലുള്‍പ്പെട്ട മുഴുവന്‍ പ്രതികളേയും പിടികൂടുകയെന്ന ദൗത്യത്തോടെയാണ് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചത്.
അഷ്റഫിനെ കൊണ്ടുപോയത്
മേയ് 26നാണു ദുബായില്‍നിന്ന് രണ്ട് കിലോഗ്രാം സ്വര്‍ണവുമായി അരിക്കുളം സ്വദേശിയായ അഷ്റഫ് കരിപ്പൂരിലെത്തിയത്. കൊടുവള്ളിയിലെ ഒരു സംഘത്തിന്റേതായിരുന്നു സ്വര്‍ണം.
സ്വര്‍ണം കൈമാറേണ്ട വ്യക്തിക്ക് അഷ്റഫിന്റെ ഫോട്ടോ അയച്ചുനല്‍കിയിട്ടുണ്ടെന്നും അവര്‍ സമീപിക്കുമെന്നുമായിരുന്നു ഏജന്റ് പറഞ്ഞത്. 50,000 രൂപയും വിമാന ടിക്കറ്റുമായിരുന്നു പ്രതിഫലം.
വിമാനത്താവളത്തിനു പുറത്തെത്തിയ ഉടന്‍ കണ്ണൂര്‍ സംഘം സമീപിച്ചു. അഷ്റഫ് ഈ സംഘത്തിനു സ്വര്‍ണം മറിച്ചു നല്‍കിയെന്നാണ് പോലീസ് സംശയിക്കുന്നത്.
ഇതിന് പകരം 10 ലക്ഷം രൂപയും അഷ്റഫിനു നല്കി. സ്വര്‍ണം തിരിച്ചു നല്കണമെന്നാവശ്യപ്പെട്ടു കൊടുവള്ളി സംഘം അഷ്റഫിനെ സമീപിച്ചെങ്കിലും സ്വര്‍ണം മറ്റൊരു ക്വട്ടേഷന്‍ സംഘം തട്ടിയെടുത്തുവെന്നാണ് അഷ്റഫ് വ്യക്തമായത്.
അർധരാത്രി ഉപേക്ഷിച്ചു
സ്വര്‍ണം തിരിച്ചുകിട്ടാതായതോടെ കൊടുവള്ളി സംഘം അഷ്റഫിനെ തട്ടിക്കൊണ്ടുപോയി. കഴിഞ്ഞ 13 നാണ് അഷ്റഫിനെ തട്ടികൊണ്ടുപോയത്. അര്‍ധരാത്രി വഴിയില്‍ ഇറക്കിവിടുകയും ചെയ്തു.
സംഭവത്തില്‍ മൂന്നുപേരെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. അതേസമയം വിമാനത്താവളത്തില്‍നിന്ന് തന്നെ തട്ടികൊണ്ടുപോവുകയായിരുന്നുവെന്നാണ് അഷ്റഫ് പറയുന്നത്.
വാഹനം കൊടുവള്ളിക്കു പോകുന്നതിനു പകരം നാദാപുരം ഭാഗത്തേക്കു പോയപ്പോഴാണു ഏജന്റ് പറഞ്ഞ സംഘത്തിനൊപ്പമല്ലെന്ന് മനസിലായത്. സ്വര്‍ണം തരില്ലെന്നു പറഞ്ഞപ്പോള്‍ മര്‍ദിച്ചു.
നാദാപുരത്തെ ഒരു വീട്ടില്‍ കൊണ്ടുപോയി ഭീഷണിപ്പെടുത്തി. കൊടുവള്ളി സംഘം നല്കുന്ന 50,000 രൂപയ്ക്കു പകരം 15 ലക്ഷം രൂപ നല്‍കാമെന്ന് അറിയിച്ചു. ഇതു സമ്മതിച്ചതോടെ വിട്ടയച്ചു.
എന്നാല്‍, സ്വര്‍ണം വിറ്റതിനു ശേഷം 10 ലക്ഷം രൂപയാണ് എത്തിച്ചു തന്നത്്. ഇതിനിടെ കൊടുവള്ളിയില്‍ നിന്നു സ്വര്‍ണത്തിന്റെ ഉടമകള്‍ ഫോണില്‍ വിളിച്ചു ഭീഷണി ആരംഭിച്ചു.
ഇതു കണ്ണൂര്‍ സംഘത്തെ അറിയിച്ചപ്പോഴാണ് ഭീഷണിപ്പെടുത്തുന്നവര്‍ക്ക് അയച്ചു നല്കാന് കൊലക്കേസ് പ്രതിയുടെതെന്ന് പറഞ്ഞ് ശബ്ദസന്ദേശം അയച്ചു നല്‍കിയത്.
ഈ ശബ്ദ സന്ദേശമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് വടകര ഡിവൈഎസ്പി അറിയിച്ചു.