റാന്നി: പ്രണയാഭ്യർഥന നിരസിച്ച പെണ്‍കുട്ടിയെ വീട്ടിലെത്തി തട്ടിക്കൊണ്ടുപോകാൻ യുവാവിന്റെ ശ്രമം.
യുവാവ് പോലീസ് കസ്റ്റഡിയിൽ. കഴിഞ്ഞ ദിവസം പാലാ സെന്റ് തോമസ് കോളജിൽ നടന്ന പ്രണയ കൊലപാതക കേസിനു പിന്നാലെയാണ് വെച്ചൂച്ചിറയിൽ തട്ടിക്കൊണ്ടുപോകൽ ശ്രമം നടന്നത്.
വെച്ചൂച്ചിറ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയേയും ഒപ്പം മാതാവിനേയും മർദ്ദിച്ചതായും പോലീസിൽ പരാതി ലഭിച്ചിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ എരുമേലി ചരള ഓലിയ്ക്കപ്ലാവിൽ ആഷിഖ് അഷ്റഫ് (26)നെ പോലീസ് അറസ്റ്റ് ചെയ്തു.
രണ്ടുവർഷത്തോളം പെണ്‍കുട്ടിയുമായി യുവാവിനു പ്രണയമുണ്ടായിരുന്നതായി പറയുന്നു. എന്നാൽ പ്രണയത്തിൽ നിന്നും പെണ്‍കുട്ടി പിൻമാറിയതോടെയാണ് യുവാവ് പ്രശ്നമുണ്ടാക്കിയത്.
ഇന്നലെ എരുമേലിയിൽ വച്ച് കണ്ട ഇരുവരും ഇക്കാര്യം സംസാരിച്ചതിനു ശേഷം പെണ്‍കുട്ടി ഓട്ടോറിക്ഷയിൽ വീട്ടിൽ എത്തുകയായിരുന്നു.
ഇതിനു പിന്നാലെ വീട്ടിലെത്തിയ യുവാവ് വീട്ടുകാരോടു പെണ്‍കുട്ടിയുമായുള്ള പ്രണയ വിവരം അറിയിക്കുകയും വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്ന് പറയുകയും ചെയ്തു.
തുടർന്ന് യുവാവ് പെണ്‍കുട്ടിയോട് ബൈക്കിൽ കയറാൻ നിർബന്ധിച്ചതോടെ വീട്ടുകാരും ഇടപെടുകയായിരുന്നു.
തർക്കം രൂക്ഷമായതോടെ ബഹളമാകുകയും നാട്ടുകാർ എത്തിയതോടെ യുവാവ് തിരിച്ചു പോകുകയായിരുന്നു.
എന്നാൽ യുവാവ് പിന്നീട് പ്രണയത്തിലായിരുന്നപ്പോൾ എടുത്ത ചിത്രങ്ങളും മറ്റും കാണിച്ച് പെണ്‍കുട്ടിയെ ഭീക്ഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
ലഹരി മരുന്നുകൾക്ക് അടിമയാണെന്ന് മനസിലായതോടെ യുവാവിനെ തനിക്കിഷ്ടമല്ലെന്ന് അറിയിക്കുകയും പ്രണയത്തിനില്ലെന്ന് അറിയിക്കുകയും ചെയ്തതാണ് പ്രകോപിച്ചതെന്ന് പോലീസ് പറയുന്നു.
ക്ഷുഭിതനായ യുവാവ് പെണ്‍കുട്ടിയെയും മാതാവിനെയും വീടുകയറി മർദ്ദിക്കുകയായിരുന്നു. ഇതേ തുടർന്നാണ് പെണ്‍കുട്ടി വെച്ചൂച്ചിറ പോലീസിൽ പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ റാന്നി ഡിവൈഎസ്പിയുടെ സ്ക്വാഡാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റു ചെയ്ത യുവാവിനെ തുടർ നടപടികൾക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.