കൊച്ചി: വിദേശ മലയാളിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി അരക്കോടി രൂപ തട്ടിയെടുത്ത കേസിൽ പോലീസ് പിടിയിലായ പ്രധാന പ്രതിക്കെതിരേ എറണാകുളം സൗത്ത്, നോർത്ത് സ്റ്റേഷനുകളിലും ക്രിമിനൽ കേസുകൾ. ഗുണ്ടകൾക്കുപോലും പേടിസ്വപ്നമായി മാറിയ പ്രതിക്കെതിരേ ഗുണ്ടകളായ മാക്കാൻ സജീറിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും തൊപ്പി കണ്ണൻ എന്നയാളെ ആക്രമിച്ചതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
തെക്കൻ ജില്ലകളിലെ കുപ്രസിദ്ധ ഗുണ്ട എറണാകുളം ഇരുന്പനത്തു താമസിക്കുന്ന മരിയനന്ദനയിൽ ഷാരോണി(29)നെ തൃശൂർ റൂറൽ എസ്പി വിജയകുമാറിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസ്, ഇൻസ്പെക്ടർ പി.ആർ. ബിജോയ് എന്നിവരുടെ സംഘമാണ് പിടികൂടിയത്. പിന്നീട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എറണാകുളം, ആലപ്പുഴ മേഖലയിലെ ഗുണ്ടാനേതാവും കൊലപാതകം, കൊലപാതകശ്രമം എന്നിവയടക്കം നിരവധി കേസുകളിലെ പ്രതിയായ ഇയാളെ ഏറെ ശ്രമകരമായി ഇടപ്പള്ളിയിൽനിന്നുമാണു പിടികൂടിയത്. മഫ്തിയിൽ ഇയാളെ പിൻതുടർന്ന പോലീസ് സംഘം പഴുതടച്ച നീക്കങ്ങളിലൂടെ ഇയാളെ പിടികൂടുകയായിരുന്നു.
2018 ഡിസംബറിൽ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് ഇരിങ്ങാലക്കുട സ്വദേശിയായ വിദേശ മലയാളിയെ ഷാരോണ്‍ കോയന്പത്തൂരിലേക്കു വിളിച്ചുവരുത്തി. പോലീസ് വേഷത്തിലെത്തിയ പ്രതി കാർ തട്ടിക്കൊണ്ടുപോയി രാത്രിയും പകലുമായി രണ്ടുദിവസം ഭീഷണിപ്പെടുത്തി അരക്കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്. എൻഐഎയിലെ ഐപിഎസ് ഉദ്യോഗസ്ഥർ എന്നു പരിചയപ്പെടുത്തിയായിരുന്നു തട്ടിക്കൊണ്ടു പോകൽ. കാറിൽ പോലീസ് ബോർഡും വച്ച് തോക്കും ആയുധങ്ങളുമായാണ് സംഘം എത്തിയിരുന്നത്.
കേസിൽ നാലു പ്രതികളെക്കൂടി പിടികൂടാനുണ്ട്. പോലീസിന്റെ നീക്കങ്ങളറിയാൻ അനുയായികളുടെ ഒരു സംഘംതന്നെ ഇയാൾക്കുണ്ട്. ഇവർ പരിസരം വീക്ഷിച്ച് സുരക്ഷിതത്വം ഉറപ്പു വരുത്തിയശേഷമാണ് സാധാരണ ഇയാൾ പുറത്തിറങ്ങുക. അതുകൊണ്ടുതന്നെ വളരെ രഹസ്യമായിട്ടായിരുന്നു പോലീസിൻറെ ഓപ്പറേഷൻ.
കൊല്ലം കുണ്ടറയിൽ കോളജ് പഠനകാലത്ത് അടിപിടിക്കേസുകളിൽ പ്രതിയായിരുന്ന ഷാരോണ്‍ 2015 ൽ ആലപ്പുഴ മണ്ണഞ്ചേരിയിൽ വേണുഗോപാൽ എന്നയാളെ പുലർച്ചെ വെട്ടിക്കൊലപ്പെടുത്തിയതോടെ കുപ്രസിദ്ധി നേടി. ഇതോടെ ഇയാൾ ഗുണ്ടകൾക്കുപോലും പേടിസ്വപ്നമായി മാറുകയായിരുന്നു.
എസ്ഐ കെ.എസ്. സുബിന്ത്, എഎസ്ഐ പി.കെ. ബാബു, സീനിയർ സിപിഒ കെ.എ. ജിനൻ, ഷഫീർ ബാബു, എ.കെ. മനോജ്, ഇ.എസ്. ജീവൻ, അനൂപ് ലാലൻ, വൈശാഖ് മംഗലൻ, ശിവപ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.