കൊല്ലം :ഓച്ചിറയിൽ മാതാപിതാക്കളെ മർദിച്ചശേഷം നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ബാംഗ്ലൂർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. മുഖ്യപ്രതി മുഹമ്മദ് റോഷനേയും പെൺകുട്ടിയേയും പോലീസിന് ഇതുവരെയും കണ്ടെത്താനായില്ല. മൂന്നാറിൽ യുവാവും പെൺകുട്ടിയും ഉള്ളതായി സൂചന ലഭിച്ചതനുസരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
അതേസമയം ബാംഗ്ലൂരിൽ ഇരുവരും ഉള്ളതായി അന്വേഷണ സംഘത്തിന് ഇന്നലെ വ്യക്തമായ വിവരം ലഭിച്ചതായാണ് സൂചന. ഓച്ചിറ പോലീസ് ബാംഗ്ലൂർ കേന്ദ്രീകരിച്ച് ദിവസങ്ങളായി അന്വേഷണം നടത്തിവരികയാണ്. ഈ സംഘത്തിന് ലഭിച്ച വിവരം ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ ഇരുവരും പോലീസ് പിടിയിലാകുമെന്നാണ് സൂചന.
പെൺകുട്ടിയെ കണ്ടെത്താത്തതിനെതുടർന്ന് ഓച്ചിറയിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ പോലീസിനെതിരെ പ്രതിഷേധം ഉയർത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് സമയമായതിനാൽ ഈ സംഭവം രാഷ്ട്രീയ ആയുധമാക്കിയതും പോലീസിന് തലവേദനയായിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ യുവാവ് ഒഴികെ കേസിലെ നാലുപ്രതികളെയും പോലീസ് അറസ്റ്റുചെയ്തിരുന്നു. നിരവധി കേസുകളിലെ പ്രതിയായ ഓച്ചിറ സ്വദേശി പ്യാരി ഉൾപ്പടെ നാലുപേരാണ് അറസ്റ്റിലായത്.