കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിലെ ഒന്നാം പ്രതി കെ.ആർ.പദ്മകുമാറിന്റെ 10 ലക്ഷം രൂപയുടെ അടിയന്തര ബാധ്യത കൊല്ലം കടപ്പാക്കടയിലെ സ്വകാര്യ ബാങ്കിന്റെ ശാഖയിലേതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
ഇവിടുന്ന് പദ്മകുമാർ ലോൺ എടുത്ത തുക പലിശ സഹിതം 10 ലക്ഷം കടന്നതിനാലും തിരിച്ചടവ് മുടങ്ങിയതിനാലും ബാങ്ക് അധികൃതർ നിയമ നടപടികളിലേയ്ക്ക് നീങ്ങിയിരുന്നു. ബാങ്ക് അയച്ച നിയമപരമായ ജപ്തി നോട്ടീസ് പദ്മകുമാറിന് ലഭിക്കുകയുമുണ്ടായി. മാത്രമല്ല ബാങ്കിന്റെ നടപടി അതിവേഗം ഉണ്ടാകുമെന്ന് പദ്മകുമാറും കുടുംബവും ഭയക്കുകയും ചെയ്തു.
ഈ പത്ത് ലക്ഷം രൂപ അടിയന്തിരമായി തിരിച്ചടക്കേണ്ടതിനാലാണ് പണത്തിനായി കുട്ടിയെ തട്ടിക്കൊണ്ട് പോകൽ പദ്ധതി കുടുംബം വളരെ വേഗം നടപ്പിലാക്കിയതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. പദ്മകുമാർ പിടിയിലായപ്പോൾ മുതൽ പത്ത് ലക്ഷം രൂപയുടെ അത്യാവശ്യം സംബന്ധിച്ച് പോലീസിനോടും പറഞ്ഞിരുന്നു.
എന്നാൽ എന്തായിരുന്നു ബാധ്യത എന്ന് വ്യക്തമായി വെളിപ്പെടുത്തിയിരുന്നുമില്ല. പ്രതികളുടെ സാമ്പത്തിക ബാധ്യതകൾ എത്രയെന്ന് പൂർണമായും തിട്ടപ്പെടുത്തുന്ന പരിശോധനകൾ ഇതുവരെ പൂർത്തിയായില്ല. ഇതിന്റെ ഭാഗമായി ഇന്നലെ അന്വേഷണ സംഘത്തിലെ ഒരു ടീം ചാത്തന്നൂർ, പരവൂർ മേഖലകളിലെ ബാങ്കുകളിലും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും എത്തി വിവരങ്ങൾ ശേഖരിച്ചു.
കുട്ടിയെ തട്ടിക്കൊണ്ടുപോയ വെള്ളക്കാറിൽ രണ്ട് വ്യാജ നമ്പർ പ്ലേറ്റുകളാണ് പദ്മകുമാർ ഉപയോഗിച്ചത്. ഇവ രണ്ടും കണ്ടെടുത്തതായാണ് അന്വേഷണ സംഘം പറയുന്നത്.എന്നാൽ പദ്കുമാറിന്റെ മൊബൈൽ ഫോണിൽ നിന്ന് കൂടുതൽ നമ്പർ പ്ലേറ്റുകളുടെ ചിത്രങ്ങൾ ലഭിച്ചത് ക്രൈംബ്രാഞ്ചിന്റെ സംശയങ്ങൾ വർധിപ്പിച്ചു.
ഇത് കണ്ടെത്താനായി റൂറൽ ക്രൈംബ്രാഞ്ചിലെ മറ്റൊരു സംഘം അഞ്ചൽ, ആര്യങ്കാവ്, കുളത്തൂപ്പുഴ വന മേഖലകളിൽ ഇന്നലെ തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പദ്മകുമാറിന് വ്യാജ നമ്പർ പ്ലേറ്റ് നിർമിച്ച് നൽകിയ കൊല്ലം പള്ളിമുക്കിലെ സ്ഥാപനത്തിലും അന്വേഷണ സംഘം ഇന്നലെ വൈകുന്നേരം എത്തി തെളിവെടുപ്പ് നടത്തി.
കുട്ടിയെ ഉപേക്ഷിച്ച ആശ്രാമം മൈതാനത്തും ഇന്നലെ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടന്നു. മൈതാനത്തെ ബഞ്ചിൽ കുട്ടിയെ ഇരുത്തിയ ശേഷം കടന്നുകളഞ്ഞ സഞ്ചാരപഥം പൂർണമായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി രേഖപ്പെടുത്തുകയും ചെയ്തു. കുട്ടിയെ ഉപേക്ഷിച്ച ശേഷം അനിതകുമാരിയും പദ്മകുമാറും രക്ഷപ്പെടുന്നതിന് മൂന്ന് ഓട്ടോറിക്ഷകളിൽ സഞ്ചരിച്ചിട്ടുണ്ട്.
ഇവ ഇതുവരെ കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടുമില്ല. സിസിടിവി ദൃശ്യങ്ങളിലും ഇതു സംബന്ധിച്ച ഒരു സൂചനയും ഇല്ല.സുപ്രധാന തെളിവെടുപ്പുകൾ ഏറെക്കുറെ പൂർത്തിയായി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. അതേ സമയം ചോദ്യം ചെയ്യൽ തുടരുകയാണ്.
കഴിഞ്ഞ ദിവസം പ്രതികളുടെ ചാത്തന്നൂരിലെ വീട്ടിലും പോളച്ചിറയിലെ ഫാം ഹൗസിലും ഉദ്യോഗസ്ഥർ പ്രതികളുമായി എത്തി തെളിവ് ശേഖരണം നടത്തി. അതിനുശേഷം കൊട്ടാരക്കര റൂറൽ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ച് പ്രതികളെ വീണ്ടും ചോദ്യം ചെയ്തു. ഇതിൽ നിന്ന് ലഭിച്ച മറുപടിയിൽ വ്യക്തത വരുത്താൻ പദ്മകുമാറിനെ മാത്രം ഇന്നലെ വീട്ടിലും ഫാം ഹൗസിലും കൊണ്ടുവന്ന് തെളിവുകൾ ശേഖരിച്ചു.
ക്രൈംബ്രാഞ്ചിന്റെ ഈ നീക്കം അതീവ രഹസ്യമായിരുന്നു.ഏഴ് ദിവസത്തെ കസ്റ്റഡിക്ക് ശേഷം പ്രതികളെ 14 -നാണ് തിരികെ കോടതിയിൽ ഹാജരാക്കേണ്ടത്. അതിന് മുമ്പ് പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് സാക്ഷിമൊഴികളും രേഖപ്പെടുക്കുന്ന തിരക്കിലാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ.
എസ്.ആർ. സുധീർ കുമാർ