മുക്കം:(കോഴിക്കോട്): സോഷ്യല്‍ മീഡിയകള്‍ വഴി വാര്‍ത്തകള്‍ വന്‍തോതില്‍ പ്രചരിക്കുമ്പോള്‍ യാചക നിരോധനമെന്ന പുതിയ ട്രെന്‍ഡലാണ് നാടും നഗരവും. ചെറുതും വലുതുമായ അങ്ങാടികളില്‍ ഭിക്ഷാടനം നിരോധിച്ച് വിവിധ ഭാഷകളിലെഴുതിയ ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നു കഴിഞ്ഞു. ഇന്നലെ കക്കോടിചെലപ്രം കയര്സൊസൈറ്റിക്കു സമീപം അമ്മയുടെ ചുമലില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുക്കാനുള്ള ശ്രമമുണ്ടായതോടെ നാടും നഗരവും ഒരുപോലെ ഭീതിയിലാണ്.
ഇന്നലെ രാവിലെ വീടിനു പിറകില്‍ കുട്ടിയെ എടുത്തുനില്ക്കുന്നതിനിടെ അമ്മ അപര്‍ണയുടെ ചുമലില്‍ നിന്നും കുട്ടിയെ അഞ്ജാതന് തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.അതേസമയം ഭിക്ഷാടക വേഷത്തില്‍ എത്തി കുട്ടികളെ പിടിക്കാന്‍ എത്തുന്നതായുള്ള വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. പല പ്രദേശങ്ങളും ഇതിനോടകം തന്നെ ഭിക്ഷാടന നിരോധന മേഖലകളായി പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു.
കുട്ടികളെ തട്ടികൊണ്ടു പോകുന്നതിന് പിന്നിലും മോഷണം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലും വീടുകളില്‍ കയറിയിറങ്ങി ഭിക്ഷ നടത്തുന്ന യാചകര്‍ക്കും തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്കും വീടുകളില്കച്ചവടത്തിനെത്തുന്നവര്ക്കും വലിയ പങ്കുണ്ടെന്ന പ്രചരണമാണ് ഇതിനു പിന്നിലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
എന്നാല്‍ യാചക നിരോധനം കാടടച്ചുള്ള വെടിവെക്കിലാണെന്ന വിമര്‍ശനവും ഉയര്‍ന്നുവരുന്നുണ്ട്.ഭിക്ഷാടന മാഫിയ പ്രവര്‍ത്തിക്കുന്നതായും ഇവര്‍ കൊലപാതകം അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്നതായും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
ഇതോടൊപ്പം വിവിധ സ്ഥാപനങ്ങളുടെയും മറ്റും വരുമാനത്തിനായി വീടുകള്‍ കയറിയിറങ്ങുന്നവരും ഇപ്പോള്‍ ഭീതിയിലാണ്. പ്രാദേശിക മേഖലകളില്‍ ചിലയിടങ്ങളില്‍ .പോലിസിന്റെയും ഭരണകൂടങ്ങളുടെയും പിന്തുണയോടെ കുറ്റകൃത്യങ്ങള്‍ തടയാനെന്ന ലക്ഷ്യത്തോടെ യാചന നിരോധനം നടപ്പാക്കിവരുന്നുണ്ട്.
നിരോധനം സദാചാര ഗുണ്ടായിസം സജീവമാകുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് വളം നല്‍കുമെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞദിവസം പൊന്നാനിയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ വന്നതാണെന്ന് ആരോപിച്ചു വൃദ്ധനായ യാചകനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചത് ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്.
കൊടുവള്ളിയിലും സമാപമായ സംഭവം അരങ്ങേറി. കര്‍ണാടക രജിസ്ട്രേഷനിലുള്ള വാഹനത്തിലെത്തിയ ഗെയില്‍ പൈപ്പ് ലൈന്‍ ജോലിക്കാരെയും തട്ടികൊണ്ടുപോകാന്‍ വന്നവരാണന്ന് പറഞ്ഞ് പിടിച്ചുവെക്കുന്ന സാഹചര്യവും ഉണ്ടായി.