കൊച്ചി: നഴ്സിംഗ് സീറ്റ് വാഗ്ദാനം ചെയ്ത് പണം വാങ്ങിയ സംഭവത്തില്‍ ഇടനിലക്കാരന്റെ സുഹൃത്തിനെ പണംനഷ്ടപ്പെട്ടവര്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ ഒളിവില്‍ കഴിയുന്നവരെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതം.
ഒളിവില്‍ കഴിയുന്ന എട്ടു പേര്‍ക്കായി പാലാരിവട്ടം പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. കേസില്‍ അറസ്റ്റിലായവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
നഴ്സിംഗ് സീറ്റുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ പരിക്കേറ്റ ചാവക്കാട് സ്വദേശിയും ഇപ്പോള്‍ എറണാകുളത്ത് വാടകയ്ക്ക് താമസിക്കുന്നതുമായ ജോഷി മാത്യുവിനെയാണ് തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് റോഡില്‍ തള്ളിയത്.
കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശികളായ റെയീസ് (33), കൃഷ്ണ എം. നായര്‍ (19), തൃശൂര്‍ സ്വദേശി ജോവി ജോഷി (27), കളമശേരി സ്വദേശി നസറുദ്ദീന്‍ (27), ഏലൂര്‍ സ്വദേശി നല്കുല് എസ്. ബാബു (35) എന്നിവരെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇടനിലക്കാരനായ എറണാകുളം സ്വദേശി അഖിലിനെ വിശ്വസിച്ച് റെയീസ് നഴ്സിംഗ് സീറ്റുകള്‍ നല്‍കാമെന്ന് ഉറപ്പുനല്‍കി അഞ്ച് പേരില്‍ നിന്നായി 18.5 ലക്ഷം രൂപ വാങ്ങിയിരുന്നു. ഈ പണം റെയീസ് അഖിലിനാണ് നല്‍കിയത്.
എന്നാല്‍ അഖില്വാഗ്ദാനം ചെയ്ത സീറ്റ് നല്‍കിയില്ല. ഇവര്‍ മുമ്പും സമാനരീതിയിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. അഖിലിനെ കണ്ടെത്താനായും തെരച്ചില്‍ തുടരുകയാണ്.