ബംഗളൂരു: കർണാടകയിൽ മുത്തച്ഛന്റെയൊപ്പം സ്കൂൾ ബസ് കാത്തുനിന്ന രണ്ടാം ക്ലാസ് വിദ്യാർഥിയെ അമ്മയും കാമുകനും ചേർന്നു തട്ടിക്കൊണ്ടുപോയി. ബംഗളൂരു കെ.ആർ. പുരത്താണു സംഭവം.
ഏഴു വയസുകാരൻ താമസസ്ഥലത്തിനു സമീപം ബസ് കാത്തുനിൽക്കുന്പോൾ അപ്രതീക്ഷിതമായെത്തിയ പ്രതികൾ മുത്തച്ഛനെ തള്ളിയിട്ടശേഷം വാഹനത്തിൽ കുട്ടിയെ കടത്തിക്കൊണ്ടുപോകുകയായിരുന്നു.
കുട്ടിയുടെ മാതാപിതാക്കൾ വിവാഹമോചന ഹർജി നൽകിയിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.കുട്ടിയുടെ ആഗ്രഹപ്രകാരം അച്ഛന്റെയൊപ്പം നിൽക്കാനാണ് ശിശുക്ഷേമകമ്മിറ്റി നിർദേശിച്ചിരുന്നത്. പരാതിയിൽ കെ.ആർ. പുരം പോലീസ് അമ്മയ്ക്കും ആൺസുഹൃത്തിനുമെതിരേ കേസെടുത്തു.
ഗാർഹിക വിഷയങ്ങളുടെ പേരിൽ യുവതി ഭർത്താവിനെതിരേ ബംഗളൂരുവിലും ചെന്നൈയിലും നേരത്തെ പരാതി നൽകിയിരുന്നു.