കണ്ണൂർ: സ്കൂളിലേക്കുള്ള വഴി മധ്യേ വാനിലെത്തിയ മുഖംമൂടി സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന പത്താംക്ലാസ് വിദ്യാർഥിനിയുടെ വെളിപ്പെടുത്തൽ പോലീസിനെയും നാട്ടുകാരെയും ഏറെ നേരെ വട്ടംകറക്കി.
ബുധനാഴ്ച രാവിലെ കക്കാട് കുഞ്ഞിപ്പള്ളിയിലായിരുന്നു സംഭവം. വീട്ടിൽനിന്നും റോഡിലൂടെ നടന്നു പോകുന്നതിനിടെ മാരുതി ഓമ്നി വാനിലെത്തിയ മുഖംമൂടി ധരിച്ച നാലംഗം സംഘം കൈയിൽ കടന്നുപിടിച്ച് വാനിൽ കയറ്റാൻ ശ്രമിച്ചെന്നും അവരിൽനിന്നും കുതറി ഓടി രക്ഷപ്പെട്ടെന്നുമായിരുന്നു വിദ്യാർഥിനി സമീപവാസികളോട് പറഞ്ഞത്. കാസർഗോഡ് രജിസ്ട്രേഷനിലുള്ളതാണ് വാനെന്നും വിദ്യാർഥിനി പറഞ്ഞിരുന്നു.
നാട്ടുകാർ ഇക്കാര്യം പോലീസിലെ അറിയിച്ചതോടെ വാഹനം കണ്ടെത്താൻ പോലീസ് ശ്രമമാരംഭിച്ചു. നാട്ടുകാരും വാഹനങ്ങളിലും മറ്റുമായി നഗരത്തിലും പരിസര പ്രദേശങ്ങളിലും കാസർഗോഡ് രജിസ്ട്രേഷനിലുള്ള ഓമ്നി വാനിനായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല.
കുട്ടി രക്ഷിതാക്കൾക്കൊപ്പം പോലീസ് സ്റ്റേഷനിൽ പരാതി നൽകാനും പോയി. ഇതിനിടെ പോലീസ് സമീപത്തെ സ്ഥാപനങ്ങളിൽനിന്നും വീടുകളിൽ നിന്നുമായി സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു.
ആദ്യം ലഭിച്ച സിസിടിവി ദൃശ്യത്തിൽ റോഡിലൂടെ ഒരു വാൻ കടന്നു പോകുന്നത് കണ്ടെത്തിയെങ്കിലും നന്പർ വ്യക്തമായില്ല. സ്റ്റേഷനിലെത്തിയ കുട്ടിയിൽനിന്നും മൊഴിയെടുക്കലും ആരംഭിച്ചിരുന്നു.
മൊഴിയെടുക്കുന്പോൾ ചില കാര്യങ്ങളിൽ പോലീസിന് സംശയം തോന്നിയിരുന്നു. ഇതിനിടെ പോലീസ് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ വിദ്യാർഥിനി പറഞ്ഞതു പോലെയുള്ള ദൃശ്യങ്ങളൊന്നും ലഭിച്ചില്ല.
തുടർന്ന് പോലീസിന്റെ ചോദ്യങ്ങളിൽ പലതിനും കുട്ടി പരസ്പരവിരുദ്ധമായ ഉത്തരമാണ് നൽകിയത്. ഇതോടെയാണ് സ്കൂളിൽ പോകാനുള്ള മടി കൊണ്ട് കുട്ടി സ്വയം സൃഷ്ടിച്ച കഥയാണ് തട്ടിക്കൊണ്ടുപോകലെന്ന് ബോധ്യപ്പെട്ടത്.