മഞ്ചേരി: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ വ്യക്തമായ സൂചന ലഭിച്ചിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിനായില്ല. പ്രതികളില്‍ നിന്നു രക്ഷപ്പെട്ടു നാട്ടിലെത്തിയ പെണ്‍കുട്ടി മാതാവിനോടൊപ്പം പാണ്ടിക്കാട് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
സെപ്റ്റംബര്‍ 30ന് രാവിലെ 8.45നാണ് സംഭവം. സോപ്പ് വാങ്ങാനായി ചൂരക്കാവിലെ കടയില്‍ പോയി മടങ്ങി വരവെ പാണ്ടിക്കാട് പിഎച്ച്സിക്ക് സമീപത്തു വച്ചാണ് രണ്ടു പേര് കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോയത്. വീട്ടിലെത്തിച്ചു തരാമെന്ന് പറഞ്ഞാണ് നേരത്തെ കണ്ടു പരിചയമുള്ള പന്തല്ലൂര്‍ സ്വദേശികളായ പ്രതികള്‍ കുട്ടിയെ കാറില്‍ കയറ്റിയത്.
എന്നാല്‍ കാര്‍ നേരെ ഊട്ടിയിലേക്കു വിടുകയായിരുന്നു. വൈകുന്നേരം ഏഴു മണിയോടെ നിലമ്പൂരില്‍ എത്തിയ ഇവര്‍ കുട്ടിയെ കൊല്ലത്തേക്ക് തീവണ്ടിയില്‍ കയറ്റി അയച്ചു.
കൊല്ലത്തെത്തിയ പെണ്‍കുട്ടിയെ പ്രതികളുടെ സുഹൃത്തും മറ്റൊരു യുവതിയും കാത്തു നിന്നിരുന്നു. മൂന്നു ദിവസം ഇവരോടൊപ്പം കഴിഞ്ഞ കുട്ടി ഇവിടെ നിന്ന് രക്ഷപ്പെട്ടു ഷൊര്‍ണൂരില്‍ എത്തുകയും തുടര്‍ന്നു ബസില്‍ തൃശൂരില്‍ എത്തുകയുമായിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ ബസ് സ്റ്റാന്‍ഡില്‍ കണ്ട കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്ത് വീട്ടുകാരെ വിവരമറിയിച്ചു.
പോലീസ് ഹാജരാക്കിയ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം നജ്മല്‍ ബാബുവിന്റെ നിര്‍ദേശ പ്രകാരം നിര്‍ഭയ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ സംഭവത്തിലാണ് പ്രതികളെ പിടികുടാന്‍ വൈകുന്നത്.