പയ്യന്നൂര്‍: ട്യൂഷന് പോകുകയായിരുന്ന ഒൻപതാംക്ലാസ് വിദ്യാര്‍ഥിയെ ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിച്ചതായി പരാതി. കണ്ടോത്ത് പാട്യത്ത് താമസിക്കുന്ന വെള്ളൂര്‍ ഹൈസ്കൂളിലെ പതിനാലുകാരനു നേരേയാണ് കണ്ടോത്ത് ആയുർവേദ ആശുപത്രിക്ക് സമീപം വച്ച് ആക്രമമുണ്ടായത്.
സംഭവത്തെക്കുറിച്ച് വിദ്യാര്‍ഥി പറയുന്നത് ഇങ്ങനെ…
വെള്ളൂരിലെ ട്യൂഷന് സെന്ററിലേക്ക് പോകുന്നതിനിടെ ഇന്ന് രാവിലെ 7.10ന് സംഭവം.പിന്നിലൂടെ വന്ന മൂന്ന് പേര് കടന്നുപിടിച്ച് മാന്തുകയും വലിക്കുകയും ചെയ്തു. ഒരാള്‍ കൈലിയും മറ്റു രണ്ടുപേര്‍ പാന്റ്സുമാണ് ധരിച്ചിരുന്നത്. വിദ്യാര്‍ഥിയെ പിടിച്ചുവലിക്കുന്നത് റോഡിലൂടെ വന്ന കുഞ്ഞാറ്റ എന്നെഴുതിയ ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ കണ്ടതിനെ തുടര്‍ന്ന് അക്രമികള്‍ അന്നൂര്‍ റോഡിലൂടെ ഓടി.അക്രമികൾ ഇതരസംസ്ഥാന തൊഴിലാളികളാണെന്നാണ് വിദ്യാര്‍ഥി പോലീസിനോട് പറഞ്ഞത്.
വിദ്യാർഥി കരഞ്ഞുകൊണ്ട് തിരിച്ചെത്തിയപ്പോഴാണ് രക്ഷിതാക്കളും നാട്ടുകാരും വിവരമറിഞ്ഞത്.തുടര്‍ന്ന് രണ്ട് മണിക്കൂറോളം തെരച്ചില്‍ നടത്തിയിട്ടും അക്രമിസംഘത്തെ കണ്ടെത്തുവാനായില്ല. ഇതേ തുടര്‍ന്ന് വിദ്യാര്‍ഥിയെയും കൂട്ടി പിതാവും നാട്ടുകാരും പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.വിദ്യാര്‍ഥിയില്‍നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പോലീസ് അന്വേഷണമാരംഭിച്ചു.
കുഞ്ഞാറ്റ എന്ന ഓട്ടോയുടെ ഡ്രൈവറെ കണ്ടെത്തി അതിലൂടെ അക്രമികളെ കണ്ടെത്താനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. ഇതേപേരില്‍ കൂടുതല്‍ ഓട്ടോറിക്ഷകളുണ്ടെന്ന വിവരമാണ് പ്രാഥമികാന്വേഷണത്തില്‍ പോലീസിന് ലഭിച്ചത്.വിദ്യാര്ഥിയേയുംകൂട്ടി സംഭവ സ്ഥലത്തെത്തിയ പോലീസ് സമീപത്തെ ചില നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
ദിവസങ്ങള്‍ക്ക് മുമ്പ് സ്റ്റിക്കര്‍ പതിക്കലും സ്റ്റിക്കര്‍ പതിച്ച വീടുകള്‍ക്ക് സമീപത്ത് നിന്ന് മോഷ്ടാക്കളെന്ന് സംശയിക്കുന്ന ചിലര്‍ ഓടിപ്പോയതായുമുള്ള വിവരങ്ങളും നവമാധ്യമ പ്രചരണങ്ങളും മൂലം ജനങ്ങള്‍ പരിഭ്രാന്തരായി കഴിയുന്നതിനിടയിലാണ് പുതിയ സംഭവം.