പെരിന്തൽമണ്ണ: സ്വർണക്കള്ളക്കടത്ത് കണ്ണികളെന്നു സംശയിച്ചു യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു. സ്വർണക്കള്ളക്കടത്തിലെ കരിയർമാരെന്നു സംശയിച്ചു മലപ്പുറം ജില്ലയിലെ ചെമ്മാട്, കണ്ണൂർ ജില്ലയിലെ കൂത്തുപറന്പ് എന്നിവിടങ്ങളിലെ മൂന്നു യുവാക്കളെയാണ് ഇക്കഴിഞ്ഞ 29നു കരുവാരക്കുണ്ടിനു സമീപം തുവൂരിലെ വിജനമായ സ്ഥലത്തേക്കു രാത്രിയിൽ വിളിച്ചുവരുത്തി യുവാക്കൾ സഞ്ചരിച്ച കാറിൽ ആക്രമിസംഘം സംഘം സഞ്ചരിച്ച ജീപ്പിടിപ്പിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു യുവാക്കളെ തട്ടികൊണ്ടുപോവുകയായിരുന്നു. തുടർന്നു മലപ്പുറം ജില്ലാ പോലീസ് മേധാവി കെ. പ്രതീഷ്കുമാറിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ഡിവൈഎസ്പി പി. ശിവദാസൻറെ കീഴിൽ പ്രത്യേക അന്വേഷണ സംഘം കേസെടുത്തു അന്വേഷണം നടത്തുകയായിരുന്നു.
ഇതിനിടെയാണ് സംഘത്തിലെ എടവണ്ണ കാരക്കുന്ന് സ്വദേശി ഫസൽ റഹ്മാൻ (30), എടവണ്ണ മുണ്ടേങ്ങര കളപ്പാടൻ മുഹമ്മദ് നിസാം (28), അരീക്കോട് മൈത്ര സ്വദേശികളായ പാറക്കൽ അബ്ദുൾ നാസർ (37), പാറക്കൽ ഷിഹാബുദീൻ (32), എടവണ്ണ ഒതായി തെഞ്ചീരി സ്വദേശി കക്കടത്തൊടി സാക്കീർ ഹുസൈൻ (29) എന്നിവരെ കരിപ്പൂർ എയർപോർട്ട് വഴി വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്നു ഇന്നലെ അറസ്റ്റു രേഖപ്പെടുത്തി.
ഈ കേസിലുൾപ്പെട്ട മംഗലാപുരം, കാസർഗോഡ് ഭാഗങ്ങളിലുള്ള നിരവധി ക്രിമിനൽ കേസുകളിപ്പെട്ട ക്വട്ടേഷൻ സംഘങ്ങളെയും യുവാക്കളെ തട്ടിക്കൊണ്ടുപോകാൻ ഒത്താശ ചെയ്ത പാണ്ടിക്കാട്, കരുവാരക്കുണ്ട്, പെരിന്തൽമണ്ണ, കൊടുവള്ളി, താമരശേരി സ്വദേശികളെക്കുറിച്ചും അന്വേഷണ സംഘം നിരീക്ഷിച്ചുവരികയാണ്. പിടിയിലായവർ വിദേശരാജ്യങ്ങളിൽ നിന്നു കേരളത്തിലെ എയർപോർട്ടുകൾ വഴി സ്വർണവും പണവും കള്ളക്കടത്തു നടത്തുന്ന വൻ ലോബിയിൽ ഉൾപ്പെട്ടവരാണെന്നു പോലീസ് പറഞ്ഞു.
ഗൾഫിൽ നിന്നു കേരളത്തിലേക്കു വിവിധ എയർപോർട്ടുകൾ വഴി കാരിയർമാർ മുഖാന്തിരം അയച്ച കള്ളക്കടത്ത് സ്വർണം നൽകാനെന്നു വ്യാജേന ധരിപ്പിച്ചാണ് യുവാക്കളെ തുവൂരിൽ എത്തിച്ചത്. കൂത്തുപറന്പ് സ്വദേശികളായ യുവാക്കളെ പാണ്ടിക്കാട്, മഞ്ചേരി, കരുവാരക്കുണ്ട്, കൊടുവള്ളി എന്നിവിടങ്ങളിലെ സംഘം കരുവാരക്കുണ്ട് കേന്ദ്രീകരിച്ചു പദ്ധതി ആസൂത്രണം ചെയ്ത ശേഷമാണ് ചെമ്മാടുള്ള യുവാവിനെ തുവൂരിലേക്കു വിളിച്ചു വരുത്തിയത്.
പിന്നീട് തുവൂർ ടൗണിലെ ആളൊഴിഞ്ഞ സ്ഥലത്തു യുവാക്കൾ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ പ്രതികൾ സഞ്ചരിച്ച ജീപ്പ് ഇടിച്ചുകയറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് യുവാക്കളെ തട്ടികൊണ്ടുപോയത്. തുടർന്നു ആക്രമിസംഘം പിന്നേറ്റന്നു പുലർച്ചയോടെ കൊയിലാണ്ടിയിൽ വച്ചു യുവാക്കളെ മംഗലാപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട മറ്റൊരു സംഘത്തിനു കൈമാറുകയായിരുന്നു. ഈ മൂന്നു യുവാക്കളെക്കുറിച്ചു വിവരമൊന്നും ലഭിച്ചിട്ടില്ല.
യുവാക്കളെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം കാസർഗോഡ് ഭാഗത്ത് തെരച്ചിൽ നടത്തിവരികയാണ്. അന്വേഷണ സംഘത്തിൽപ്പെട്ട എസ്ഐ സുരേഷ് ബാബു, ടി. ശ്രീകുമാർ, എൻ.ടി. കൃഷ്ണകുമാർ, ഉല്ലാസ്, എം. മനോജ്കുമാർ, ഫൈസൽ, സതീഷ്കുമാർ, സെബാസ്റ്റ്യൻ രാജേഷ്, പ്രദീപ്കുമാർ, സി.പി. മുരള എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി തുടരന്വേഷണം നടത്തുന്നത്.