ന്യൂഡൽഹി: ബാവനയിൽനിന്ന് മൂന്ന് വയസുകാരനെ തട്ടിക്കൊണ്ടുപോയ അമ്മയും മകനും മകളും അറസ്റ്റിൽ. ദര്യാപുർ കലൻ നിവാസികളാണ് തിങ്കളാഴ്ച അറസ്റ്റിലായത്. മൂന്നുവയസുകാരനെ കാണാനില്ലെന്ന പിതാവിന്റെ പരാതിയെ തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ സംഭവസ്ഥലത്തു സംശയാസ്പദമായ സാഹചര്യത്തിൽ ഒരു വാഹനം പാർക്ക് ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ വാഹനം കുട്ടിയുടെ സമീപത്തു താമസിച്ചിരുന്ന യുവാവിന്റേതാണെന്ന് കണ്ടെത്തി.
ഇയാളെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തതോടെയാണ് പോലീസിനു കൂടുതൽ വിവരം ലഭിച്ചത്. തന്റെ സഹോദരിയുടെ വിവാഹത്തിനായി പണം കണ്ടെത്തുന്നതിനാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു.
തന്റെ പിതാവ് കഴിഞ്ഞ വർഷം മരിച്ചു. ഇതിനുശേഷം പണമില്ലാത്തതിനാൽ സഹോദരിയുടെ വിവാഹം മുടങ്ങിയിരുന്നു. ഇതോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടത്. എന്നാൽ ആദ്യം എതിർത്ത അമ്മയും സഹോദരിയും പിന്നീട് ഇതിനു സമ്മതിച്ചുവെന്നും യുവാവ് പറഞ്ഞു.
കുട്ടിയെ കളിക്കുന്നതിനിടെ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നും കുട്ടിയുടെ പിതാവിനോട് 75 ലക്ഷം രൂപ ഇവർ ആവശ്യപ്പെട്ടിരുന്നതായും പോലീസ് പറഞ്ഞു.