തളിപ്പറമ്പ്: പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകൽ കേസിൽ തളിപ്പറന്പ് പോലീസ് പ്രതികളെ രക്ഷപ്പെടുത്തിയ സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചു. തളിപ്പറമ്പിലെ വമ്പന്മാരുടെയും പ്രമുഖരാഷ്ട്രീയനേതാവിന്റെയും കൊച്ചുമക്കളെയാണ് കേസിൽ തളിപ്പറമ്പ് പോലീസ് രക്ഷിച്ചെടുത്തത്. കരിമ്പത്ത് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്ന 12കാരിയുടെ പരാതിയിൽ കുടുങ്ങിയത് വമ്പൻമാരുടെ മക്കളാണെന്നറിഞ്ഞതോടെയാണ് പോലീസ് ഉണർന്നു പ്രവർത്തിച്ചത്.
രണ്ടാഴ്ച മുന്പ്
രണ്ടാഴ്ച മുമ്പേയുള്ള ഒരു ശനിയാഴ്ച നടന്ന സംഭവമാണ് വിവാദമായത്. 12കാരിയെ ഓമ്നി വാനിൽ പിന്തുടർന്ന് സർ സയ്യിദ് സ്കൂളിന്റെ പിറകു വശത്തു നിന്ന് നാല് കൗമാരക്കാർ വാനിൽ പിടിച്ചു കയറ്റാൻ ശ്രമിച്ചു.
കുതറിയോടിയ പെൺകുട്ടി അടുത്തുള്ള ക്വാർട്ടേസിൽ അഭയം തേടി. എന്നാൽ വീട്ടുകാരി വലിയ കാര്യമാക്കാതെ കുട്ടിയോട് പേടിക്കണ്ട തോന്നിപ്പോയതാകാം എന്നു പറഞ്ഞു സമാധാനിപ്പിച്ചു വിടുന്നു. ഒറ്റയ്ക്ക് വീട്ടിലേക്ക് പോയ പെൺകുട്ടിയെ അതേ വാൻ പിന്തുടരുന്നത് കണ്ട വീട്ടുകാരൻ കുട്ടിയുടെ വീട്ടിൽ കൊണ്ട് ചെന്നാക്കുകയും കാര്യം അറിയിക്കുകയും ചെയ്തു.
പിറ്റേന്ന് തന്നെ സഹോദരനോടൊപ്പം പെൺകുട്ടി തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്യുന്നു. പരാതിയിൽ കേസെടുത്ത എസ്ഐ സംഭവം മാധ്യങ്ങൾക്ക് നൽകാതിരിക്കുകയും അന്വേഷണം തുടരുകയും ചെയ്തു. സിസി ടിവി പരിശോധനയിലാണ് പോലീസിന് കാര്യങ്ങളുടെ ഗൗരവം പിടി കിട്ടിയത്. ദിവസങ്ങൾക്കകം പ്രതികൾ പിടിയിലാവുകയും ചെയ്തു.
പ്രതികൾക്കായ്
പ്രതികൾ പിടിയിലായെങ്കിലും പിന്നീട് അരങ്ങേറിയത് നാടകീയ രംഗങ്ങൾ. തളിപ്പറമ്പിലെ ധനാഢ്യരുടെയും സാമുദായിക രാഷ്ട്രീയ പാർട്ടിയുടെ ഉന്നതനേതാവിന്റെയും കൊച്ചുമക്കളെയാണ് പിടികൂടിയത്. സംഭവദിവസം പ്രതികൾ ലഹരിയിലായിരുന്നു എന്നും തെളിഞ്ഞിട്ടുണ്ട്. തലനാരിഴക്കാണ് പെൺകുട്ടി രക്ഷപെട്ടത്.
നഗരത്തിലെ പ്രമുഖ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളാണ് നാല് പ്രതികളും. സംഭവത്തെ തുടർന്ന് സ്കൂളിൽ നിന്ന് നാലുപേരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. പ്രതികളായ വിദ്യാർഥികളുടെ ‘ഭാവി’യാണ് പോലീസ് സ്റ്റേഷനിൽ ചർച്ചയായത്. പ്രതികളുടെ ഉന്നതരായ ബന്ധുക്കളും പോലീസ് ഉന്നതരും വട്ടം കൂടി ഇരുന്നാണ് പ്രശ്നം ഒത്തുതീർപ്പാക്കിയത്.
പോലീസ് പറയുന്നത് ടർഫിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട അടിപിടി കണ്ട് പെൺകുട്ടി ഭയന്നോടി എന്നാണ്. എങ്കിൽ എന്തിനു പരസ്പരം അടികൂടിയവർ ഒരേ വാഹനത്തിൽ യാത്ര ചെയ്തു? എന്തിനാണിവർ സ്കൂളിന്റെ പിൻവശത്തു ഒത്തുകൂടിയത്. ഇനിയും സംശയങ്ങൾ ബാക്കിയാണ്. സംഭവത്തെക്കുറിച്ച് ഡി ജി പി ക്ക് ലഭിച്ച പരാതിയിലാണ് ഇപ്പോൾ ഉന്നതതല അന്വേഷണം നടക്കുന്നത്.