പേരാമ്പ്ര: വാളൂർ മുസ്ലിം പള്ളിയിൽനിന്ന് ആളുകൾ പിരിയുന്നതിനു മുന്പ് വീട്ടിലേക്ക് മടങ്ങിയ മൂന്നാം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമമെന്നു പരാതി. കാസർഗോഡ് പഞ്ചായത്ത് സെക്രട്ടറിയായി ജോലി ചെയ്യുന്ന കല്ലാരം കെട്ടിൽ ലത്തീഫിന്റെ മകൻ ജൗക്കു എന്ന് വിളിക്കുന്ന ജൗഹർ അമീൻ (ഏഴ്) നെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കറുത്ത കാറിൽ മുഖം മൂടിയ നിലയിൽ “പിതാവിന്റെ സുഹൃത്താണ് കാറിൽ കയറിക്കോളു’ എന്ന് പറഞ്ഞ് ജൗഹർ അമീനെ പിടിച്ചുവലിച്ച് കാറിൽ കയറ്റാൻ ശ്രമിച്ചത്.
ബാപ്പയുടെ സുഹൃത്ത് മുഖം മറയ്ക്കുകയില്ലെന്ന് പറഞ്ഞ് കുതറിമാറി ഓടിയതോടെ രക്ഷപ്പെടുകയായിരുന്നു. വാളൂർ – മരുതേരി റോഡിൽ പുതിയ മഠത്തിൽ താഴെ കനാൽ പാലത്തിൽവച്ചാണ് അപരിചിതരായ രണ്ടുപേർ കറുത്ത കാറിൽ വന്നു പിടിച്ചുവലിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഭയന്നു വിറച്ചുപോയ കുട്ടി വീട്ടുകാരോട് പറഞ്ഞെങ്കിലും അവർ അത് ഗൗരവത്തിലെടുത്തില്ല.
കറുത്ത ബ്രസ്സ കാർ കണ്ടതായി നാട്ടുകാർ വിശദീകരിക്കുകയും ചെയ്തപ്പോൾ രക്ഷിതാക്കൾ പേരാമ്പ്ര പോലീസിൽ പരാതി നൽകി. പക്ഷേ പരാതിയെപ്പറ്റി അന്വേഷിക്കാനോ ഗൗരവത്തിലെടുക്കാനോ പോലീസ് തയാറായിട്ടില്ലെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.