കോഴിക്കോട്: വളര്‍ത്തു മീന്‍ നല്‍കാമെന്ന് പറഞ്ഞു കുറ്റിച്ചിറയിലെ രണ്ടിടത്തു നിന്നായി നാലു കുട്ടികളെ തട്ടികൊണ്ടുപോവാന്‍ ശ്രമിച്ച പരാതിയില്‍ കുപ്രസിദ്ദ കൊലക്കേസില്‍ കുറ്റവിമുക്തനായ യുവാവിന്റെ പങ്ക് അന്വേഷിക്കുന്നു.
കുട്ടികളും നാട്ടുകാരും നല്കിയ വിവരത്തെ തുടര്‍ന്നാണ് യുവാവിന്റെ പങ്ക് അന്വേഷിക്കുന്നത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. സൈക്കിളിലെത്തിയ യുവാവ് ട്യൂഷന് ക്ലാസിലേക്ക് പോകുന്ന കുട്ടികളെയാണ് വളര്‍ത്തു മീന്‍ നല്‍കാമെന്ന് പറഞ്ഞ് ഗുജറാത്തി സ്ട്രീറ്റിലേക്ക് കൊണ്ടുപോയതായി പറയുന്നത്. ഈ സമയം സൈക്കിളില്‍ വരികയായിരുന്ന മറ്റൊരു കുട്ടിയേയും ഒപ്പം കൂട്ടി.
ഗുജറാത്തി സ്ട്രീറ്റില്‍ എത്തിയിട്ടും മീനിനെ കാണിച്ചു കൊടുക്കാത്തതിനാല്‍ രണ്ടു കുട്ടികള്‍ ട്യൂഷന് ക്ലാസിലേക്ക് തിരിച്ചുപോവുകയായിരുന്നു.
ഇവിടെ നിന്ന രണ്ട് കുട്ടികളെ പിടിച്ചുവയ്ക്കാന്‍ നോക്കിയപ്പോള്‍ കുതറി ഓടുകയായിരുന്നു. അതേസമയം യുവാവ് വന്ന സൈക്കിള്‍ ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ടൗണ്‍ പോലീസ് കേസെടുക്കുകയും ചെയ്തു.
കൊലക്കേസില്‍ നേരത്തെ പ്രതിചേര്‍ക്കുകയും കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വിട്ടയയ്ക്കുകയും ചെയ്തയാളാണ് യുവാവ്.
കേസന്വേഷിച്ച പോലീസിനെതിരേ കോടതി നടപടിയും സ്വീകരിച്ചിരുന്നു. അതിനാല്‍ തന്നെ വ്യക്തമായ തെളിവുകള്‍ ലഭിക്കാതെ അറസ്റ്റ് ചെയ്യേണ്ടെന്നാണ് പോലീസ് നിലപാട്.