തൃക്കരിപ്പൂർ: നടക്കാവിൽ നിന്നും സ്കൂൾ ബസ് ഡ്രൈവറെ തട്ടിക്കൊണ്ടു പോയി അക്രമിച്ച് പണവും മൊബൈലും എടിഎം കാർഡും തട്ടിയെടുത്ത് വഴിയിൽ തള്ളി.
നിർബന്ധിച്ച് പണം ഗൂഗിൾ പേ ചെയ്യിച്ചതായും പരാതി. സംഭവത്തിൽ നാലു പേർക്കെതിരെ പോലീസ് കേസെടുത്തു. ഒരാൾ കസ്റ്റഡിയിലായി.
മർദനത്തിൽ പരിക്കേറ്റ നീലേശ്വരം തെരുവത്ത് സ്വദേശിയും സ്കൂൾ ബസ് ഡ്രൈവറുമായ ഷൈലേഷിന്റെ പരാതിയിലാണ് ചന്തേര പോലീസ് കേസെടുത്തത്.
നീലേശ്വരത്തിനടുത്തുള്ള സ്കൂളിൽ വിദ്യാർഥികളെ ഇറക്കി പയ്യന്നൂരിലേക്ക് തൃക്കരിപ്പൂർ വഴി പോകവെ നാലുപേരുള്ള സംഘം നടക്കാവിൽ വച്ച് ഷൈലേഷിനെ തടഞ്ഞ് മറ്റൊരു വാഹനത്തിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.
അക്രമം നടത്തിയ സംഘത്തിലുള്ള നാലു പേരുടെയും അക്കൗണ്ടുകളിലേക്ക് ഷൈലേഷിനെ ഭീഷണിപ്പെടുത്തി പണം ട്രാൻസ്ഫർ ചെയ്യിച്ചതായും മൂന്ന് തവണയായി 12,000 രൂപ നഷ്ടപ്പെട്ടതായും പേഴ്സിലുണ്ടായിരുന്ന 4500 രൂപയും മൊബൈൽ ഫോണും എടിഎം കാർഡും കൊണ്ടുപോയതായും പറയുന്നു.
ഇതിനു ശേഷം 10 ലക്ഷം തന്നില്ലെങ്കിൽ ജീവിക്കാൻ വിടില്ലെന്ന് ഭീഷണിപ്പെടുത്തിയതായും ചന്തേര പോലീസിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്.
സംഭവത്തിൽ പോലീസ് കാഞ്ഞങ്ങാട് മാവുങ്കാൽ സ്വദേശിയായ മുകേഷിനെ (36) കസ്റ്റഡിയിലെടുത്തു. കേസിൽ ഉൾപ്പെട്ട നീലേശ്വരം തൈക്കടപ്പുറം, അഴിഞ്ഞല സ്വദേശികൾക്കായി അന്വേഷണം തുടങ്ങി.