കൊടകര: കനകമല ഇടവകയിലെ നിർധന കുടുംബാംഗമായ യുവാവിനു വൃക്ക പകുത്തു നൽകി ജീവിതത്തിലേക്കു കൈപിടിച്ചു കയറ്റുകയാണ് ഫാ. ഷിബു നെല്ലിശേരി.
യേശുക്രിസ്തു കാണിച്ചുതന്ന ത്യാഗത്തിന്റെ മഹനീയ പാത പിന്തുടർന്നാണു കനകമല തീർഥാടന കേന്ദ്രം റെക്ടറായ ഫാ. ഷിബു നെല്ലിശേരി വൃ ക്കദാനത്തിനൊരുങ്ങുന്നത്.
കനകമല കണ്ണന്പുഴ ബെന്നി -ജിൻസി ദന്പതികളുടെ മകൻ ബെൻസനാണ് (21) ഫാ. ഷിബു തന്റെ വൃക്കകളിലൊന്ന് ദാനം ചെയ്യുന്നത്.
ഇരുവൃക്കകളും തകരാറിലായതിനെ തുടർന്ന് ഡയാലിസിസ് നടത്തിയാണ് ബെൻസന്റെ ജീവൻ നിലനിർത്തുന്നത്. എത്രയും വേഗം വൃക്കമാറ്റ ശസ്ത്രക്രിയ നടത്തിയാലേ ജീവൻ രക്ഷിക്കാനാവൂ എന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ നിർദേ ശിച്ചെങ്കിലും അനുയോജ്യമായ വൃക്ക ലഭിക്കാതെ ബെൻസനും മാതാപിതാക്കളും വിഷമിക്കുകയായിരുന്നു.
മാതാപിതാക്കൾ വൃക്ക ദാനത്തിന് തയാറായെങ്കിലും പരിശോധനയിൽ അനുയോ ജ്യമല്ലെന്നു കണ്ടെത്തി.ഓരോ കുടുംബത്തിന്റേയും കണ്ണീരുമായ്ക്കാൻ കഴിയുന്നതു ചെയ്യാനായിട്ടാണു താൻ വൈദികനായതെന്നും ബെൻസന്റെ ജീവൻ രക്ഷിക്കാൻ വൃക്ക നൽകുന്നതിലൂടെ ദൈവത്തിന്റെ തിരുവിഷ്ടം നിറവേറ്റുക മാത്രമാണ് താൻ ചെയ്യുന്നതെന്നും ഫാ. ഷിബു നെല്ലിശേരി പറഞ്ഞു.
ഇന്നാണ് ഡോ. മുഹമ്മദ് ഇക് ബാലിന്റെ നേതൃത്വത്തിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ബെൻസന്റെ ശസ്ത്രക്രിയ.
ഇതിനു മുന്നോടിയായുള്ള പരിശോധനയ്ക്കായി രണ്ടു ദിവസം മുന്പേ ഇരുവരും ആശുപത്രിയിൽ അഡ്മിറ്റായി.ശസ്ത്രക്രിയക്കാവശ്യമായ മുഴുവൻ ചെലവുകളും ഇടവകയിലും പരിസര പ്രദേശങ്ങളിലുമുള്ള സുമനസുകളുടെ സഹായത്തോടെയാണു സമാഹരിച്ചത്.
ഇരിങ്ങാലക്കുട നെല്ലിശേരി ജോസ്-ബേബി ദന്പതികളുടെ മകനാണ് 45 കാരനായ ഫാ. ഷിബു നെല്ലിശേരി.2006 ൽ വൈദിക പട്ടം സ്വീകരിച്ച ഫാ. ഷിബു മാരാങ്കോട്, വാസുപുരം, ചായ്പാൻകുഴി, കുന്പിടി ഇടവകകളിൽ സേവനമനുഷ്ഠിച്ച ശേഷമാണ് കനകമല തീർഥാടനകേന്ദ്രത്തിൽ റെക്ടറായി നിയമിതനായത്.
ഇരുവരുടേയും ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാകാനുള്ള പ്രാർഥനയിലാണു കനകമല ഇടവക സമൂഹം.