സംസ്ഥാനത്ത് വീണ്ടും വൃക്കതട്ടിപ്പു സംഘങ്ങള് വ്യാപകമാവുന്നതായി വിവരം. വാട്സ് ആപ്പിലൂടെയാണ് തട്ടിപ്പിന് കളമൊരുങ്ങുന്നത്.
‘അപകടത്തില് മസ്തിഷ്ക മരണം സംഭവിച്ച എന്റെ സഹപ്രവര്ത്തകന് സുധീര്, അദ്ദേഹത്തിന്റെ ഭാര്യ എന്നിവരുടെ ബി പോസിറ്റീവ്, ഒ പോസിറ്റീവ് വൃക്കകള് സംഭാവന ചെയ്യാനാഗ്രഹിക്കുന്നു’ എന്ന തരത്തിലുള്ള വ്യാജ സന്ദേശമാണ് വാട്സാപ്പിലൂടെ പ്രചരിക്കുന്നത്.
സന്ദേശത്തിനൊപ്പം മൂന്ന് ഫോണ് നമ്പര് ഉള്ളതിനാലും വൃക്കകള് ദാനം ചെയ്യാനാഗ്രഹിക്കുന്നുവെന്ന മട്ടിലാണ് ഉള്ളടക്കമെന്നതിനാലും ആധികാരികതയില് സംശയിക്കാതെ ജനം വ്യാപകമായി ഇവ ഷെയര് ചെയ്യുന്നു.
ഇതില് ആദ്യ നമ്പര് പ്രവര്ത്തന ക്ഷമമമാണെങ്കിലും ഫോണ്വിളിച്ചാല് എടുക്കില്ല. രണ്ടും മൂന്നും നമ്പറുകള് പ്രവര്ത്തന രഹിതമാണ്. ഇവ വ്യാജന്മാരുടെ (സ്പാം) നമ്പറുകളാണെന്ന് കോളര് ഐഡി ആപ്ലിക്കേഷനുകള് പരതിയാല് വ്യക്തമാകും.
പണംവാങ്ങി വൃക്ക വില്പന ഇന്ത്യയില് നിയമവിരുദ്ധവുമാണ്. ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങള് പ്രസിദ്ധീകരിക്കുന്നതും പങ്കുവയ്ക്കുന്നതുമെല്ലാം കുറ്റകൃത്യത്തിന്റെ നിര്വചനത്തില് ഉള്പ്പെടും.
അതിനാല് തന്നെ ആധികാരികത ഉറപ്പില്ലാത്ത ഇത്തരം സന്ദേശങ്ങള് ആര്ക്കും പങ്കുവയ്ക്കാതിരിക്കുകയാണ് ഉചിതമെന്നു പൊലീസ് പറയുന്നു.
‘പ്രിയപ്പെട്ടവരെ, 4 വൃക്കകള് ലഭ്യമാണ്. ഇന്നലെ അപകടത്തില്പ്പെട്ട എന്റെ സുഹൃത്തിന്റെ കുടുംബം അവരുടെ വൃക്കകള് മാനവികതയ്ക്കായി സംഭാവന ചെയ്യാന് ആഗ്രഹിക്കുന്നു. ഈ സന്ദേശം മറ്റാര്ക്കെങ്കിലും കൈമാറുക, ആര്ക്കെങ്കിലും സഹായമാകും..’ ഇങ്ങനെയൊരു സന്ദേശം ഫോണില് ലഭിച്ചാല് അതു മറ്റാര്ക്കെങ്കിലും കൈമാറുന്നതിനു മുന്പ് ഓര്ക്കുക, നിങ്ങള് സഹായിക്കുന്നതു വൃക്കരോഗികളെയല്ല. വലിയൊരു തട്ടിപ്പു സംഘത്തെയാണ്. പൊലീസ് വ്യക്തമാക്കുന്നു.
അവയവ ദാനവുമായി ബന്ധപ്പെട്ടു വാട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും തട്ടിപ്പു സന്ദേശങ്ങള് പ്രചരിപ്പിച്ചു പണം തട്ടുന്ന സംഘമാണിതിനു പിന്നിലെന്നാണ് പോലീസ് നല്കുന്ന മുന്നറിയിപ്പ്.