രോഗനിര്‍ണയ ടെസ്റ്റുകള്‍
മൂത്രത്തിലെ പസ് സെല്ലുകളുടെ അളവ് അണുബാധയെ സൂചിപ്പിക്കുന്നു. ആണുങ്ങളില്‍ 5 hpf ന് മുകളിലും സ്ത്രീകളില്‍ 10 hpf ന് മുകളിലും ആണെങ്കില്‍ അണുബാധയെ സൂചിപ്പിക്കുന്നു.
യൂറിന്‍ കള്‍ച്ചര്‍
അണുബാധ ഉണ്ടോ എന്നും അതിന് കാരണമായ ബാക്ടീരിയ ഏതാണെന്നും ഏത് ആന്റിബയോട്ടിക് ആണ് അതിനു യോജിച്ചതെന്നും നിര്‍ണയിക്കാന്‍ സാധിക്കുന്നു. പരിശോധിക്കാനായി മൂത്രം നല്കുമ്പോള് ആദ്യത്തെ ഭാഗം എടുക്കാതെ പിന്നീടുള്ള മൂത്രമാണ് (Midstream urine) എടുക്കേണ്ടത്.
അള്‍ട്രാസൗണ്ട് സ്കാന്‍
അണുബാധയുടെ കാരണം (മൂത്രത്തില്‍ കല്ല്, തടസം, മൂത്രം മുഴുവനായി പോകാത്ത അവസ്ഥ, കിഡ്നി സിസ്റ്റ്, കിഡ്നിയുടെ വികാസം, ഘടനയിലെ വ്യത്യാസം എന്നിവ) അറിയാന്‍ സഹായിക്കുന്നു. ചില സാഹചര്യങ്ങളില്‍ രോഗ കാരണം കണ്ടെത്തുന്നതിനായി സിടി സ്കാനും മറ്റു പ്രത്യേക ടെസ്റ്റുകളും വേണ്ടിവന്നേക്കാം.
ചികിത്സാരീതി
മൂത്രസഞ്ചിയില്‍ ഉണ്ടാകുന്ന അണുബാധ 3-5 ദിവസം കൊണ്ട് ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. എന്നാല്‍, വൃക്കകളിലെ അണുബാധ പനിയോടും വിറയലോടും കൂടിയാണ് പ്രകടമാവുക. ആദ്യനാളുകളില്‍ കുത്തിവയ്പ് നല്‍കുകയും പനി മാറിക്കഴിയുമ്പോള്‍ ഇഞ്ചക്ഷന് നിര്‍ത്തി ഗുളിക നല്‍കാം. കുത്തിവയ്്പ് നല്‍കുന്നതിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തേടേണ്ടതായി വന്നേക്കാം. 2-3 ആഴ്ച ആന്റിബയോട്ടിക് നല്കി ഇത് പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്നു.
വീണ്ടും വന്നാൽ…
മൂത്രാശയ അണുബാധ ഒരു പ്രാവശ്യം വന്നാല്‍ വീണ്ടും വരാനുള്ള സാധ്യത കൂടുതലാണ്. വര്‍ഷത്തില്‍ മൂന്ന് പ്രാവശ്യത്തില്‍ കൂടുതല്‍ മൂത്രാശയ അണുബാധ ഉണ്ടായാല്‍ ചെറിയ ഡോസിലുള്ള ആന്റിബയോട്ടിക്കുകള്‍ ദീര്‍ഘകാലം കഴിക്കുന്നതിലൂടെ വീണ്ടും അണുബാധ വരാനുള്ള സാധ്യത ഒരു പരിധിവരെ പ്രതിരോധിക്കാം.
അതുകൊണ്ടുതന്നെ രോഗകാരണം കൃത്യമായ ടെസ്റ്റുകളിലൂടെ മനസിലാക്കി ചികിത്സ തേടേണ്ടതാണ്. മുതിര്‍ന്നവരിലെ മൂത്രാശയ അണുബാധ കുട്ടികളിലെ പോലെ പൂര്‍ണ വൃക്കതകരാറിന് സാധ്യത കുറവാണ്. എന്നിരുന്നാലും, അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതിനാല്‍ ഈ ലക്ഷണങ്ങള്‍ മനസിലാക്കി കൃത്യമായ ചികിത്സ തേടുന്നതാണ് ഉചിതം.
വിവരങ്ങൾ – ഡോ.ജേക്കബ് ജോർജ് സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ്
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം