കൊച്ചി: താന്‍ വൃക്ക നല്‍കിയിട്ടും പണം തന്നില്ലെന്നും ലൈംഗികമായി ചൂഷണം ചെയ്ത ശേഷം ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയെന്നുമുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വീട്ടമ്മ. വൃക്ക റാക്കറ്റിന്റെ പിടിയില്‍പ്പെട്ട എറണാകുളം സ്വദേശിനിയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്.
തന്റെ വൃക്ക വാങ്ങിയശേഷം പറഞ്ഞുറപ്പിച്ച പ്രതിഫലം നല്‍കിയില്ലെന്നും പണം ചോദിച്ചപ്പോള്‍ ദിവസങ്ങളോളം മുറിയിലച്ചിട്ട് മര്‍ദിച്ചെന്നും വീട്ടമ്മ ആരോപിക്കുന്നു. വൃക്ക വാങ്ങിയശേഷം എട്ടരലക്ഷം നല്‍കാമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ പ്രതിഫലമായി കിട്ടിയത് മൂന്നര ലക്ഷം മാത്രമാണ്.
ബാക്കി ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി, ശാരീരികമായി ചൂഷണം ചെയ്തുവെന്നുമാണ് വീട്ടമ്മ പറയുന്നത്.ബാക്കി തുക ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായത്. ലൈംഗികമായി ചൂഷണം ചെയ്തശേഷം ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി.
കേസ് കൊടുക്കുമെന്ന് പറഞ്ഞപ്പോള്‍ പരാതിക്കാരി തന്നെയാണ് കുടുങ്ങുകയെന്നും പറഞ്ഞു. തന്റെ സാമ്പത്തിക പരാധീനതയാണ് റാക്കറ്റ് ഉപയോഗപ്പെടുത്തിയത്. വൃക്ക സ്വീകരിക്കുന്നയാളുടെ ബന്ധുവെന്ന് പറയാന്‍ പ്രേരിപ്പിച്ചു.
അതല്ലെങ്കില്‍ ആ വീട്ടില്‍ ജോലി ചെയ്യുന്നതാണെന്ന് പറയാന്‍ പഠിപ്പിച്ചു. വൃക്ക നല്കാന് അനുമതിക്കായി ഓഫീസികളില്‍ പറയേണ്ടതെന്തെന്ന് റാക്കറ്റ് സംഘാംഗം പഠിപ്പിച്ചു. ആശുപത്രിയിലും പോലീസ് സ്റ്റേഷനിലും പറയേണ്ടതും പറഞ്ഞു പഠിപ്പിച്ചതായി വീട്ടമ്മ പറഞ്ഞു.
തനിക്കറിയാവുന്ന 12 പേര് വൃക്ക നല്‍കിയിട്ടുണ്ടെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഒട്ടുമിക്ക പാവപ്പെട്ട കുടുംബങ്ങളിലും ഒരാള്‍ക്കെങ്കിലും വ്യക്കയുണ്ടാകില്ല. സാമ്പത്തിക ബുദ്ധിമുട്ടുകള്‍കൊണ്ടാണ് ഇതിന് തുനിയുന്നതെന്നും വീട്ടമ്മ പറയുന്നു.