ഇരിങ്ങാലക്കുട: മൂത്രതടസത്ത തുടർന്ന് ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട വയോധികന്റെ മൂത്രസഞ്ചിയിൽ നിന്ന് പുറത്തെടുത്തത് ആയിരത്തിലേറെ കല്ലുകൾ.
വള്ളിവട്ടം സ്വദേശിയായ 79 കാരനിൽ നിന്നാണ് ഇന്നലെ രണ്ടര മണിക്കൂർ നീണ്ട എൻഡോസ്കോപ്പിക് സർജറിയിലൂടെ ഇത്രയും കല്ലുകൾ പുറത്തെടുത്തത്.
സ്കാനിംഗിൽ കല്ലുകൾ അത്ര ദൃശ്യമായിരുന്നില്ലെന്നും കല്ലുകൾ ബ്ലോക്കായി മൂത്രസഞ്ചിയിൽ കിടക്കുകയായിരുന്നുവെന്നും ശസ്ത്രക്രിയക്കു നേതൃത്വം നല്കിയ ചീഫ് യൂറോളജിസ്റ്റ് ഡോ. എം.ആർ. ജിത്തുനാഥ് പറഞ്ഞു.
സാധാരണ പത്തോളം കല്ലുകൾ മാത്രമാണ് ലഭിക്കാറുള്ളതെന്നും ഇത്രയധികം കല്ലുകൾ ലഭിക്കുന്നത് ആദ്യമാണെന്നും ഡോക്ടർ പറഞ്ഞു.
അനസ്തറ്റിസ്റ്റ് ഡോ. അഞ്ജു കെ. ബാബു, നഴ്സുമാരായ സോണിയ, ജെസി എന്നിവരാണു ടീമിലുണ്ടായിരുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ രോഗി ചേർന്നിരുന്നതിനാൽ ഒരു ലക്ഷത്തോളം രൂപ ചെലവു വരുന്ന ശസ്ത്രക്രിയ പൂർണമായും സൗജന്യമായിരുന്നു.
രോഗി സുഖം പ്രാപിച്ചു വരികയാണെന്നും രണ്ടു ദിവസത്തിനുള്ളിൽ ആശുപത്രി വിടുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.