മൂത്രാശയക്കല്ലുകൾ ഉണ്ടാകുന്നതിനു കാരണങ്ങൾ പലതാണ്. കുടിക്കുന്ന വെള്ളത്തിന്റെ അളവു കുറയുന്നതുകൊണ്ടും വിയർപ്പിലൂടെ വെള്ളം ധാരാളം പുറത്തുപോയി തീരുന്നതു കൊണ്ടും മൂത്രം കൊഴുത്ത് കട്ടികൂടി കല്ലുണ്ടാകാനുള്ള സാധ്യത കൂടുന്നു. വേനൽക്കാലത്തു കല്ലുണ്ടാ കാനുള്ള സാധ്യതയേറും.
രോഗാണുബാധ കൊണ്ടുണ്ടാകുന്ന കല്ലുകളുമുണ്ട്. വൃക്കയുടെ നീർക്കെട്ടും പഴുപ്പും കൊണ്ട് വൃക്കയുടെ പ്രവർത്തനം താറുമാറായാൽ കല്ലുരൂപപ്പെടാം. വേനൽക്കാലത്തു കല്ലുണ്ടാകാനുള്ള സാധ്യതയേറും.
രോഗാണുക്കളും പ്രശ്നക്കാർ!
ചിലരിൽ മൂത്രദ്വാരത്തിലൂടെ രോഗാണുക്കൾ പ്രവേശിച്ചും തകരാറുണ്ടാവാം.ചില ആന്തരിക തകരാറുകൾ കൊണ്ട് കാൽസ്യം, ഓക്സലേറ്റ്, യൂറേറ്റ്, സിസ്റ്റൈൻ, ക്സാന്തേൻ, ഫോസ്ഫേറ്റ് എന്നിങ്ങനെയുള്ള രാസപദാർത്ഥങ്ങൾ മൂത്രത്തിൽ കൂടുന്പൊഴും കല്ലുവരാനുള്ള സാധ്യത കൂടുന്നു.
അടിസ്ഥാന പ്രശ്നം നിങ്ങളുടെ ശരീരത്തിന്റേതാണ്. പാരന്പര്യ ഘടകങ്ങളും, ജീവിത സാഹചര്യങ്ങളും ശീലങ്ങളും ഇതിനു വേഗം കൂട്ടുന്നുവെന്നു മാത്രം.
പാരാതൈറോയിഡ് ഗ്രന്ഥിയുടെ മുഴകൾ മൂലം അമിത പ്രവർത്തനം കൊണ്ട് ശരീരത്തിൽ കാൽസ്യം ഓക്സലേറ്റ് അധികമാവാം. അത്തരം അവസ്ഥകളിൽ ശസ്ത്രക്രിയയാണ് ഒരു പരിഹാരം.കല്ലുകൾ പല വിധം കാൽസ്യം, ഓക്സലേറ്റ്, യൂറേറ്റ്, സിസ്റ്റൈൻ, ക്സാന്തേൻ, ഫോസ്ഫേറ്റ്
വെള്ളം കുടിച്ചാൽ പോകുന്ന കല്ലുകൾ
ചെറിയ തരി രൂപം മുതൽ കിഡ്നിയുടെ പെൽവിസ് മുഴുവൻ നിറഞ്ഞു നില്ക്കുന്ന വലിയ അനങ്ങാപ്പാറകളും ഉണ്ട്. 4 മില്ലിമീറ്റർ വരെയുള്ള കല്ലുകൾ 80 ശതമാനവും ധാരാളം വെള്ളം കുടിച്ചാൽ തന്നെ ഇളകിപ്പോകും.
വേദനയുള്ള സമയത്ത് കുടിക്കണമെന്നു മാത്രം. വൃക്കയുടെ പലഭാഗത്തും കല്ലുകൾ വരാം. വൃക്കയ്ക്കുള്ളിൽ രൂപപ്പെടുന്ന കല്ലുകൾമൂത്രവാഹിനി വഴി മൂത്രസഞ്ചിയിലെത്തുന്നു.
വേദനിപ്പിക്കുന്ന കല്ലുകൾ
മൂത്രവാഹിനി വഴിയൊഴുകി താഴേക്കുവരുന്പോൾ അതു നല്ല വേദനയുണ്ടാക്കുന്നു. പെട്ടെന്നുണ്ടാകുന്ന വേദന പലപ്പോഴും ഈ ഘട്ടത്തിലാണനുഭവപ്പെടുന്നത്.
മൂത്ര സഞ്ചിയിലെത്തിയാൽ തല്കാലത്തേക്കു സമാധാനമായി. അവിടെ അരലിറ്റർ കപ്പാസിറ്റി സ്ഥലമുണ്ടല്ലോ? പിന്നെ അവിടെനിന്നു വേഗം പുറത്തുപോയില്ലങ്കിൽ കല്ല് അവിടെക്കിടന്നു വളർന്ന് മൂത്രനാളിയിലൂടെ പുറത്തുപോകാൻ പറ്റാത്തത്ര വലുതാകാം.
പുരുഷ മൂത്രനാളിക്ക് 20 സെന്റിമീറ്റർ വരെ നീളമുള്ളതിനാൽ കല്ലുകൾ പുറത്തു പോകുന്നത് ശക്തമായ വേദനയുണ്ടാക്കും. എന്നാൽ സ്ത്രീ മൂത്രനാളിക്ക് 4 സെന്റീമീറ്റർ മാത്രമേ നീളമുള്ളു എന്നതിനാലും രണ്ടിലധികം പ്രസവിച്ചവർക്കു മൂത്രനാളിക്കു വികാസം കൂടുതലാകാൻ സാധ്യതയുള്ളതിനാലും കല്ല് പുറത്തുപോകുന്പോൾ താരതമ്യേന വേദനകുറച്ചനുഭവിച്ചാൽ മതി.
പരിശോധനകൾ
രക്ത പരിശോധനയിൽ കാൽസ്യം, യൂറിക്കാസിഡ് എന്നിവ കൂടുതലായി കാണാം. മ ൂത്രപരിശോധനയിലും കല്ലിനു കാരണമായേക്കാവുന്ന രാസഘടകങ്ങളെ കാണാം.
എക്സ് റേ, സി.റ്റി, എം ആർ ഐ, അൾട്രാ സൗണ്ട് എന്നിവയിലൂടെ കല്ലിനെ കാണാം. ഒരിക്കൽ മൂത്രത്തിലൂടെ പുറത്തുവന്ന കല്ലിനെ അപഗ്രഥിച്ച് , അത്തരം കല്ലുകൾ വരാതിരിക്കാനുള്ള വഴികൾ മനസിലാക്കാനും സാധിക്കും. (തുടരും)