മെഡിക്കൽ കോളജ്: ഭാഗ്യംവിറ്റ് ഭർത്താവിന്റെ ജീവൻ തിരികെ പിടിച്ച് അനുവിജ. മസ്തിഷ്കമണം സംഭവിച്ച് ഏഴ് അവയവങ്ങള്‍ ദാനം ചെയ്ത വിനോദിന്റെ വൃക്കകളിലൊന്ന് കൊട്ടാരക്കര വെട്ടിക്കവല ബിജുഭവനില്‍ വിനോദി (40) ന് ലഭിച്ചപ്പോള്‍ അറുതിയായത് അനുവിജയയുടെയും മക്കളുടെയും ഏഴുവര്‍ഷത്തെ ദുരിതങ്ങള്‍ക്കു കൂടിയായിരുന്നു.
ജീപ്പ് ഡ്രൈവറായിരുന്ന വിനോദിന്റെ തുച്ഛമായ വരുമാനം മാത്രമായിരുന്നു ആ കുടുംബത്തിന്റെ ആശ്രയം. കാഴ്ചക്കുറവിന് ആശുപത്രിയില്‍ ചികിത്സതേടിയെത്തിയ വിനോദിന്റെ രോഗനിര്‍ണയ പരിശോധനാഫലം ആ കുടുംബത്തില്‍ ഇടിത്തീയായി മാറുകയായിരുന്നു.
വിനോദിന്റെ രണ്ടു വൃക്കകളും തകരാറിലാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല.2013-ല്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നുമാണ് വിദഗ്ധ ചികിത്സയ്ക്ക് അവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിൽ എത്തുന്നത്.
നെഫ്രോളജി വിഭാഗത്തില്‍ ഡോ. നോബിള്‍ ഗ്രേഷ്യസിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. എന്നാല്‍ രണ്ടുവൃക്കകളും പൂര്‍ണമായി തകരാറിലാണെന്ന വസ്തുത ഒരിക്കല്‍കൂടി അവര്‍ക്ക് അംഗീകരിക്കേണ്ടിവന്നു.ചികിത്സയ്ക്കും നിത്യജീവിതത്തിനുമായി മറ്റു മാര്‍ഗങ്ങളൊന്നും മുന്നില്‍ കാണാതെ വന്നപ്പോള്‍ വിനോദിന്റെ ഭാര്യ അനുവിജയ ഭാഗ്യക്കുറി വില്പന ആരംഭിച്ചു.
ചെങ്ങമനാട്ട് സ്ഥാപിച്ച ഭാഗ്യക്കുറി തട്ടിലൂടെ അനുവിജയ മറ്റുള്ളവര്‍ക്കായി ഭാഗ്യം വില്ക്കുമ്പോള് മനസുനിറയെ ഭര്‍ത്താവിന്റെ ജീവന് വീണ്ടെടുക്കുകയെന്ന ലക്ഷ്യമായിരുന്നു.
വൃക്ക മാറ്റിവയ്ക്കുകയെന്ന ഒറ്റ പോംവഴിയായിരുന്നു വിനോദിന്റെ ജീവന് നിലനിര്‍ത്താനുള്ള മാര്‍ഗം. വിനോദിന്റെ അമ്മ വൃക്ക നല്കാന് തയാറായെങ്കിലും വൃക്കദാനത്തിനുശേഷം ദാതാവിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ശ്രമം ഉപേക്ഷിച്ചു.
മൃതസഞ്ജീവനിയില്‍ പേര് രജിസ്റ്റര്‍ ചെയ്തതിനെ തുടർന്ന് 2016 മുതല്‍ 2021 വരെ നാലുതവണ വൃക്ക ലഭിച്ചെങ്കിലും വിവിധ കാരണങ്ങളാല്‍ ശസ്ത്രക്രിയ നടത്താനായില്ല. വൃക്ക യോജിക്കാത്തതും വിനോദിന് ഇടയ്ക്ക് ഹെര്‍ണിയയുടെ ശസ്ത്രക്രിയ നടത്തേണ്ടിവന്നതുമൊക്കെയായിരുന്നു കാരണം.
അഞ്ചാമത്തെ തവണ ഭാഗ്യം ആ കുടുംബത്തിന് അനുകൂലമായിരുന്നു.മസ്തിഷ്കമരണാനന്തരം അവയവങ്ങള്‍ ദാനം ചെയ്ത കൊല്ലം കിളികൊല്ലൂര്‍ ചെമ്പ്രാപ്പിള്ള തൊടിയില്‍ എസ്. വിനോദിന്റെ വൃക്കകളിലൊന്ന് കൊട്ടാരക്കര സ്വദേശി വിനോദിന് ലഭിക്കുകയായിരുന്നു.
യൂറോളജി വിഭാഗത്തിലെ ഡോ. സാജുവിന്റെയും ഡോ ഉഷാകുമാരിയുടെയും (അനസ്തേഷ്യ) നേതൃത്വത്തില്‍ ശസ്ത്രക്രിയയ്ക്കുശേഷം വിനോദ് ആരോഗ്യം വീണ്ടെടുത്തു വരികയാണ്.അഭിമന്യു, അവന്തിക എന്നിവരാണ് വിനോദിന്റെ മക്കള്‍. ഏതാനും ദിവസങ്ങള്‍ക്കുശേഷം വിനോദിന് ആശുപത്രി വിടാനാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.