തൃശൂർ: അമ്മയെ ചികിത്സിക്കുന്നതിനു പണം കണ്ടെത്താൻ വൃക്ക വിൽക്കാൻ തീരുമാനിച്ച യുവാവിന് മനുഷ്യാവകാശ കമ്മീഷന്റെ കൈത്താങ്ങ്. അമ്മയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. അമ്മയെ ചികിത്സിക്കാൻ മകൻ സുമേഷ് തന്റെ വൃക്ക വിൽക്കാൻ തീരുമാനിച്ച പത്രവാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
തലയിലെ രക്തധമനി പൊട്ടി സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തൃശൂർ നെടുപുഴ വട്ടപ്പിന്നി ഉദയനഗറിൽ ഓമനയുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കണമെന്നാണ് കമ്മീഷൻ ഉത്തരവിട്ടത്. തൃശൂർ ജില്ലാ കളക്ടർ ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെട്ട് കാരൂണ്യ ബനവലന്റ് ഫണ്ടിൽനിന്നോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നോ ചികിത്സയ്ക്ക് ആവശ്യമുള്ള പണം ലഭ്യമാക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു.
രണ്ടരസെന്റ് സ്ഥലവും ഓടിട്ട വീടുമുണ്ടെങ്കിലും അത് സുമേഷിന്റെ സഹോദരിയുടെ മകൾക്ക് ചികിത്സയ്ക്കായി പണയപ്പെടുത്തിയിരിക്കുകയാണ്. കൂലിവേല ചെയ്യുന്ന സുമേഷ് അവിവാഹിതനാണ്. അമ്മയുടെ ജീവൻ തിരികെ വേണമെങ്കിൽ പണം കൂടിയേ തീരൂ എന്ന അവസ്ഥ വന്നപ്പോഴാണ് സുമേഷ് വൃക്ക വിൽക്കാൻ തീരുമാനിച്ചത്.