കൂടുതൽ ആവശ്യപ്പെട്ട സ്ത്രീധനം നൽകാത്തതിന് ഭർത്താവും കുടുംബാംഗങ്ങളും യുവതിയുടെ വൃക്ക മോഷ്ടിച്ചു. പശ്ചിമബംഗാൾ സ്വദേശിനിയായ റിതാ സർക്കാറിനാണ് സ്വന്തം കുടുംബത്തിൽ നിന്നും ഈ ദുരനുഭവം നേരിടേണ്ടി വന്നത്. 2005ലാണ് റിതയുടെയും ബിസ്വജിത്തിന്റെയും വിവാഹം നടന്നത്. സ്ത്രീധനമായി 180,000 രൂപയും സ്വർണവും വെള്ളിയും നൽകിയിരുന്നു. എന്നാൽ കൂടുതൽ പണം ആവശ്യപ്പെട്ട് ബിസ്വജിത്തിന്റെ കുടുംബാംഗങ്ങൾ റിതയെ ശല്യപെടുത്തുമായിരുന്നു.
രണ്ടു വർഷങ്ങൾക്കു മുന്പ് റിതയ്ക്ക് വയറുവേദന അനുഭവപ്പെട്ടിരുന്നു. തുടർന്ന് ബിസ്വജിത്ത് റിതികയെ ചികിത്സക്കായി കോൽക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി. ചികിത്സക്കു ശേഷം റിതക്ക് അപ്പെൻഡിക്സ് ആണെന്നും. ശസ്ത്രക്രീയ ആവശ്യമാണെന്നും ഡോക്ടർ പറഞ്ഞു. ശസ്ത്രക്രീയക്കു ശേഷവും വേദനയ്ക്കു മാറ്റമുണ്ടായില്ല.
മാത്രമല്ല ഇതിനെ കുറിച്ച് ആരോടും പറയരുതെന്നും ബിസ്വജിത്ത് റിതയോട് ആവശ്യപ്പെട്ടിരുന്നു.വേദന കലശലായപ്പോൾ തന്നെ ഡോക്ടറുടെ പക്കൽ കൊണ്ടുപോകുവാൻ ഭർത്താവിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം ആവശ്യം നിരസിക്കുകയായിരുന്നു. മാത്രമല്ല റിതയെ വീട്ടുകാരുമായി ബന്ധപ്പെടാൻ പോലും അനുവദിച്ചിരുന്നില്ല.
നാളുകൾക്കു ശേഷം റിതയുടെ വയറു വേദനയെപറ്റി അറിഞ്ഞ വീട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിച്ച് നടത്തിയ ചികിത്സയിലാണ് വൃക്ക നഷ്ടമായ വിവരം പുറത്തറിയുന്നത്. റിതയും വീട്ടുകാരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബിസ്വജിത്തിനെയും സഹോദരൻ ശ്യാംലാലിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്യസംസ്ഥാനക്കാരനായ ഒരു വ്യവസായിക്കാണ് വൃക്ക വിറ്റതെന്ന് ബിസ്വജിത്ത് പോലീസിനോടു പറഞ്ഞു. ആരോഗ്യപരമായി ക്ഷീണിതയായ റിത ഇപ്പോൾ ചികിത്സയിലാണ്. ഇവർക്ക് പതിനൊന്നു വയസുള്ള ഒരു മകനുണ്ട്.