നാദാപുരം:വൃക്ക രോഗിയായ യുവാവിന് വൃക്ക നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ യുവാവ് അറസ്റ്റിലായ സംഭവത്തില്‍ പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. കോഴിക്കോട് കോട്ടുളി സ്വദേശി മുഹമ്മദ് ബെന്‍സീര്‍ (39)നെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്യതത്.
തൂണേരി സ്വദേശിയായ വൃക്ക രോഗിയുടെ പരാതിയിലാണ് നടപടി. മറ്റൊരു തട്ടിപ്പ് കേസില്‍ കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റിലായ പ്രതിയെ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുമതിയോടെ അറസ്റ്റ് രേഖപ്പെടുത്തി മൂന്ന് ദിവസത്തേക്ക് കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.ഇപ്പോള്‍ നാദാപുരം പോലീസ് അറസ്റ്റ് ചെയ്ത ബെന്‍സീര്‍ സമാനമായ രീതിയില്‍ മറ്റിടങ്ങളില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണെന്ന്പോലീസ് പറഞ്ഞു.
കൂടാതെ വൃക്ക വാഗ്ദാനം ചെയ്ത് ഇടനിലക്കാരായി പ്രവര്‍ത്തിച്ച് പണം തട്ടിയ സംഭവങ്ങളുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.2017 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം.ഏറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ വെച്ച് വൃക്ക മാറ്റി വെക്കല്‍ നടത്താമെന്നാണ് വാഗ്ദാനം ചെയ്തത്.ബെന്‍സീറും,കുറ്റ്യാടി സ്വദേശിയായ മറ്റൊരു യുവാവും ചേര്‍ന്നാണ് എ പോസറ്റീവ് ഗ്രൂപ്പില്‍ പെട്ട വൃക്ക ആവശ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് രോഗിയെ സമീപിക്കുന്നത്.
നാല് ലക്ഷം രൂപയാണ് ഇവര്‍ അഡ്വാന്‍സായി ആവശ്യപ്പെട്ടത്.ഇത് പ്രകാരം രോഗിയുടെ ബന്ധുക്കളും മറ്റും ചേര്‍ന്ന് ബെന്സീറിന് ജൂലൈ മാസം മുപ്പത്തിയൊന്നിന് ഒരു ലക്ഷം രൂപ പണമായും,ബാക്കി തുക ഐഡിബ ഐ ബാങ്ക് വഴി കൈമാറുകയുമായിരുന്നു.ഇതിനിടെ രണ്ട് തവണ രോഗിയേയും കൂട്ടി ആശുപത്രിയിലെത്തി മെഡിക്കല്‍ പരിശോധനകള്‍ നടത്തിയിരുന്നു.എന്നാല്‍ പ്രതി വാഗ്ദാനം നല്കിയ വൃക്ക രോഗിക്ക് യോജിക്കാതെ വരികയും പിന്നീട് ബെന്‍സീര്‍ മുങ്ങുകയും ചെയ്തെന്നാണ് പരാതിക്കാര്‍ പറയുന്നത്.
19 ലക്ഷം രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നതെന്നും ഓപ്പറേഷന് തീരുമാനിക്കുമ്പോള്‍ നല്‍കണമെന്നുമായിരുന്നു കരാറുണ്ടാക്കിയത.രോഗിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതി കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു വഞ്ചനാ കേസില്‍ റിമാന്റില്‍ കഴിയുകയാണെന്ന വിവരമറിഞ്ഞത്.