നൂറ്റാണ്ടിലെ സൂര്യഗ്രഹണം ആകാശത്ത് ദൃശ്യമായപ്പോൾ ഭിന്നശേഷിക്കാരായ കുട്ടികളെ കഴുത്തറ്റം മണ്ണിൽ കുഴിച്ചുമൂടി മാതാപിതാക്കൾ. സൂര്യഗ്രഹണ സമയത്ത് മണ്ണില്‍ കുഴിച്ചിട്ടാല്‍ സുഖം പ്രാപിക്കുമെന്ന അന്ധവിശ്വാസത്തിന്റെ പുറത്തായിരുന്നു കുട്ടികളെ കുഴിച്ചിട്ടത്. കർണാടകയിലെ കാലാബുരാഗിയിലാണ് ഇങ്ങനൊരു വിശ്വാസം നിലനിൽക്കുന്നത്.
കർണാടകയിലും ഇന്ന് രാവിലെ സൂര്യഗ്രഹണം ദൃശ്യമായിരുന്നു. ഗ്രഹണസമയത്ത് കാലാബുരാഗിയിലെ താജ്സുൽത്താൻപുർ ഗ്രാമത്തിൽ ഭിന്നശേഷിക്കാരായ മൂന്നു കുട്ടികളെ മണ്ണിൽ കഴുത്തറ്റം കുഴിച്ചിടുകയായിരുന്നു. കുട്ടികൾ കരഞ്ഞു നിലവിളിക്കുന്നതിന്റെയും മാതാപിതാക്കളും ഗ്രാമവാസികളും ഗ്രാമവാസികളും ചുറ്റുംകൂടി നിൽക്കുന്നതിന്റെയും ചിത്രങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടിട്ടുണ്ട്.
ഗ്രഹണസമയത്ത് ഭക്ഷണം കഴിക്കരുത്, ഭക്ഷണം ഉണ്ടാക്കരുത്, ഉറങ്ങരുത്, പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കരുത് തുടങ്ങിയ വിശ്വാസങ്ങള്‍ നിലനിന്നിരുന്നു. ഗ്രഹണം ഗര്‍ഭിണികള്‍ക്ക് ദോഷമാണെന്ന വിശ്വാസവും ഉണ്ടായിരുന്നു. ഇത്തരം അന്ധവിശ്വാസങ്ങളെ മാറ്റാൻ ഇന്ന് പലയിടത്തും ശാസ്ത്രലോകം ശ്രമിച്ചിരുന്നു.
ഭക്ഷണം കഴിക്കാൻ പാടില്ലെന്ന അന്ധവിശ്വാസം മാറ്റുന്നതിനായി സൂര്യഗ്രഹണ സമയത്ത് കോട്ടയം കുറവിലങ്ങാട് ദേവമാത കോളേജിൽ എത്തിയവർക്ക് പായസം വിതരണം ചെയ്തിരുന്നു. കോളജിൽ ഒത്തുകൂടിയ നിരവധിയാളുകൾ പായസം ആസ്വാദിച്ച് കുടിച്ചാണ് മടങ്ങിയത്.